ഖത്തർ അമീറിന്റെ ലുസൈൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച
ദോഹ: ചരിത്രപ്രധാനമായ മിഡിൽഈസ്റ്റ് സന്ദർശനത്തിനായി ഖത്തറിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി. ഖത്തർ അമീറിന്റെ ലുസൈൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഖത്തറിൽ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം അംബാനി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഇതിന് മുൻപ് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേർന്നായിരുന്നു ട്രംപിനെ കണ്ടത്.
ലുസൈൽ പാലസിൽ വെച്ച് നിരവധി പ്രമുഖരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും കൂടിക്കാഴ്ചയിൽ ട്രംപിനോടൊപ്പം ഉണ്ടായിരുന്നു. പാലസിൽ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കാൻ ടെസ്ല സിഇഓ ഇലോൺ മസ്കും എത്തിയിരുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മസ്ക് അര മണിക്കൂറോളം വൈകിയാണ് വിരുന്നിൽ പങ്കെടുത്തത്.
ട്രംപിന്റെ മിഡിൽഈസ്റ്റ് പര്യടനത്തിലെ രണ്ടാമത്തെ രാജ്യമാണ് ഖത്തർ. സൗദി അറേബ്യ സന്ദർശിച്ച ശേഷമാണ് ഇദ്ദേഹം ഖത്തറിലെത്തിയത്. റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമേരിക്കൻ പ്രസിഡന്റിനെ ഖത്തർ അമീർ ശൈയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 22 വർഷത്തിനു ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഖത്തർ സന്ദർശിക്കാൻ എത്തുന്നത്.


