യുഎസ് ആക്രമണങ്ങൾക്ക് ശേഷവും ഇറാനിൽ സമ്പുഷ്ട യുറേനിയം ശേഖരം ഉണ്ടെന്ന് ഖമേനിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി. യുഎസ് ആക്രമണങ്ങൾക്ക് മുമ്പ് ഇറാൻ ഫോർഡോ പ്ലാന്റിൽ നിന്ന് യുറേനിയം മാറ്റിയിരുന്നുവെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ടെഹ്റാൻ: യുഎസ് ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷവും രാജ്യത്ത് സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉണ്ടെന്ന് വ്യക്തമാക്കി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ്. കളികൾ അവസാനിച്ചിട്ടില്ലെന്നാണ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായുടെ പ്രസ്താവന. യുഎസിന്‍റെ ആക്രമണങ്ങൾ ശേഷം ആണവ ഘടകത്തിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിലാണ് ഈ പ്രസ്താവന വന്നിട്ടുള്ളത്.
യുഎസ് ആക്രമണങ്ങൾക്ക് മുമ്പേ ഇറാൻ ഫോർഡോ പ്ലാന്റിൽ നിന്ന് കാര്യമായ അളവിൽ യുറേനിയവും മറ്റ് ഉപകരണങ്ങളും മാറ്റിയിരുന്നുവെന്നുള്ള വെളിപ്പെടുത്തലുകൾ വന്നിരുന്നു. രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടുകൊണ്ട് ഞായറാഴ്ച ആക്രമിച്ച മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഒന്നാണ് ഇറാനിലെ ഫോർഡോ ഫ്യുവൽ എൻറിച്ച്‌മെന്‍റ് പ്ലാന്‍റ്.
നതാൻസ്, ഫോർഡോ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. പിന്നീട് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിലും ഫോർഡോ പ്ലാന്‍റിനും അത് സ്ഥിതി ചെയ്യുന്ന ടെഹ്‌റാന് തെക്കുള്ള പർവതത്തിനും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി കാണിച്ചിരുന്നു.
എന്നാൽ, യുഎസ് ആക്രമണങ്ങൾക്ക് മുമ്പേ ഇറാൻ ഫോർഡോ പ്ലാന്റിൽ നിന്ന് കാര്യമായ അളവിൽ യുറേനിയവും മറ്റ് ഉപകരണങ്ങളും മാറ്റിയിരുന്നു എന്നാണ് രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തിയത്. യുഎസ് സൈന്യത്തെ ഇറാനിലേക്ക് അയക്കണോ എന്ന് ട്രംപ് ഭരണകൂടം ആലോചിക്കുന്നതിനിടെ, 90 ശതമാനം ആയുധ നിലവാരത്തോട് അടുത്ത്, 60 ശതമാനം ശുദ്ധീകരിച്ച 400 കിലോഗ്രാം യുറേനിയം എൻറിച്ച്‌മെന്‍റ് പ്ലാന്‍റിൽ നിന്ന് മാറ്റിയതായി റിപ്പോർട്ടുണ്ട്.
യുഎസ് ആക്രമണങ്ങൾ റേഡിയേഷൻ ചോർച്ച ഭീഷണി ഉയർത്തിയപ്പോഴും, ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങളിൽ റേഡിയേഷന് കാരണമാകുന്ന വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇറാൻ പറഞ്ഞിരുന്നു. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ ഇറാന്‍റെ യുറേനിയം ശേഖരം എവിടെയാണെന്ന് അറിയില്ലെന്ന് സമ്മതിച്ചിട്ടുണ്ട് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.


