മരങ്ങള്‍ക്ക് പിന്നില്‍ ഒളിക്കാന്‍ ശ്രമിച്ച കാളിന്റെ അടുത്തേക്ക് പാഞ്ഞെത്തിയ കാട്ടുപോത്ത്, തന്റെ കൊമ്പുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ വായുവിലേക്ക് വലിച്ചെറിയുകയായിരുന്നു. ആറടിയിലധികം ഉയരമുള്ള കാട്ടുപോത്തിന്റെ മുകളില്‍ എട്ടടിയോളം പൊക്കത്തിലാണ് അദ്ദേഹം തെറിച്ചുപോയത്.

വയോമിംഗ്: അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ വിനോദസഞ്ചാരിക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാട്ടുപോത്ത് 65-കാരനായ വിനോദ സഞ്ചാരിയെ കൊമ്പില്‍ കോര്‍ത്ത് എട്ടടി ഉയരത്തിലേക്ക് വലിച്ചെറിഞ്ഞു. കാള്‍ ഐസോം മക്ഡാനിയല്‍ എന്ന സഞ്ചരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒന്നിലധികം അസ്ഥികള്‍ക്ക് ഒടിവുണ്ടായ ഇദ്ദേഹം നിലവില്‍ ചികിത്സയിലാണ്.

ജൂലൈ 10 വെള്ളിയാഴ്ച രാത്രി വയോമിംഗിലെ യെല്ലോസ്റ്റോണ്‍ തടാകത്തിന് സമീപമുള്ള ബ്രിഡ്ജ് ബേ ക്യാമ്പ് ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പരിക്കേറ്റ സഞ്ചാരിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

YouTube video player

ആക്രമണത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ ഫോട്ടോഗ്രാഫറായ മൈക്ക് മക്ലിയോഡ് പകര്‍ത്തി. പ്രകോപിതനായ കാട്ടുപോത്ത് ക്യാമ്പ് ഗ്രൗണ്ടിലൂടെ അലഞ്ഞുതിരിയുന്നതും തുടര്‍ന്ന് കാളിനും പേരക്കുട്ടിക്കും നേരെ പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം. മരങ്ങള്‍ക്ക് പിന്നില്‍ ഒളിക്കാന്‍ ശ്രമിച്ച കാളിന്റെ അടുത്തേക്ക് പാഞ്ഞെത്തിയ കാട്ടുപോത്ത്, തന്റെ കൊമ്പുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ വായുവിലേക്ക് വലിച്ചെറിയുകയായിരുന്നു. ആറടിയിലധികം ഉയരമുള്ള കാട്ടുപോത്തിന്റെ മുകളില്‍ എട്ടടിയോളം പൊക്കത്തിലാണ് അദ്ദേഹം തെറിച്ചുപോയത്.

നിലത്തുവീണ ഇദ്ദേഹത്തെ കാട്ടുപോത്ത് വീണ്ടും ആക്രമിക്കുന്നത് തടയാന്‍ താന്‍ ക്യാമറ താഴെവെച്ച് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി മൃഗത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ മക്ലിയോഡ് പറഞ്ഞു. കാട്ടുപോത്ത് പിന്മാറിയ ഉടന്‍ ചുറ്റുമുള്ളവര്‍ ഓടിയെത്തി സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഈ വേനല്‍ക്കാലത്ത് യെല്ലോസ്റ്റോണ്‍ പാര്‍ക്കില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസം മഡ് വോള്‍ക്കാനോയ്ക്ക് സമീപം 12 വയസ്സുകാരനും സമാനമായ രീതിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.