ബ്രസീലിയ: ഭാര്യയുടെ അഴിമതിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മുഖം ഇടിച്ചുപൊട്ടിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയുടെ ഭീഷണി. ബ്രസീലിലെ പ്രമുഖ മാസികയായ ക്രൂസോയില്‍ വന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഒ ഗ്ലോബോയുടെ റിപ്പോര്‍ട്ടറെ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത്.

ബോല്‍സൊനാരോയുടെ ഭാര്യ മിഷേലും മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ ഫാബ്രിയോ ക്വറോസും നടത്തിയ അഴിമതികളെ കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു ക്രൂസോയിലെ റിപ്പോര്‍ട്ട്. ചോദ്യം കേട്ടയുടനെ ക്ഷുഭിതനായ ബോല്‍സൊനാരോ നിങ്ങളുടെ വായ് ഇടിച്ചുതകര്‍ക്കാനാണ് തോന്നുന്നതെന്ന് റിപ്പോര്‍ട്ടറോട് പറഞ്ഞു. ബ്രസീലിയയിലെ മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ പതിവ് ഞായറാഴ്‌ച സന്ദര്‍ശനത്തിന് ശേഷമായിരുന്നു പ്രസിഡന്‍റിന്‍റെ ഭീഷണി. 

വിവാദ പരാമര്‍ശത്തിന് പിന്നാലെ മറ്റ് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം വകവെക്കാതെ ബോല്‍സൊനാരോ മടങ്ങി. എന്നാല്‍ പ്രസിഡന്‍റ് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രസ്‌താവനയിലൂടെ പ്രതിഷേധം അറിയിച്ചു ബ്രസീലിയന്‍ മാധ്യമം ഒ ഗ്ലോബോ. ഒരു ജനസേവകന്റെ കടമകള്‍ ബോല്‍സൊനാരോ അംഗീകരിക്കുന്നില്ല. പൊതുജനങ്ങളോട് ഉത്തരവാദിത്വമുണ്ടായിരിക്കേണ്ട ആളാണ് പ്രസിഡന്‍റ് എന്നും ഒ ഗ്ലോബോയുടെ പ്രസ്‌‌താവനയില്‍ പറയുന്നു. 

'മൂന്നാമത്തെ മുസ്ലിം പള്ളിയും ലക്ഷ്യം വെച്ചിരുന്നു'; ന്യൂസിലാന്‍ഡിലെ കൊലയാളി

വ്ലാദിമിർ പുടിൻ ഭയക്കുന്ന, അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നു ആരോപിക്കപ്പെടുന്ന നവാൽനി ആരാണ്?