ചൈനയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥനും പ്രസിഡൻ്റ് ഷീ ജിൻപിങിൻ്റെ വിശ്വസ്തനുമായ ജനറൽ ഷാങ് യൂക്‌സിയക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ. ആണവായുധ വിവരങ്ങൾ അമേരിക്കയ്ക്ക് ചോർത്തിയെന്നടക്കം കുറ്റം ചുമത്തി. ഇപ്പോൾ ഇദ്ദേഹം സൈന്യത്തിൻ്റെ പിടിയിലാണ്.
ബീജിങ്: ആണവായുധ വിവരങ്ങളടക്കം സുപ്രധാനമായ വിവരങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന കുറ്റത്തിൽ ചൈനയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാനും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരിൽ ഒന്നാമനുമായ ജനറൽ ഷാങ് യൂക്‌സിയക്കെതിരെയാണ് അന്വേഷണം. ഇദ്ദേഹത്തിനെതിരെ ഗുരുതര അച്ചടക്ക ലംഘനത്തിനും നിയമ ലംഘനത്തിനും അന്വേഷണം ആരംഭിച്ചെന്നാണ് ചൈനയിലെ പ്രതിരോധ മന്ത്രാലയത്തിൻ്റെ വിശദീകരണം.
സ്ഥാനക്കയറ്റത്തിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഇദ്ദേഹം നേരിടുന്നുണ്ട്. അധികാര ദുർവിനിയോഗം, സൈനിക ഭരണകാലത്തെ അഴിമതികൾ, ആയുധങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അടക്കം മറ്റ് പല കാരണങ്ങളും ഷാങ് യൂക്‌സിയക്കെതിരായ നടപടിക്ക് പിന്നിലുണ്ടെന്ന് ചൈന പറയുന്നു.
ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങിൻ്റെ വിശ്വസ്തരിൽ പ്രമുഖനായിരുന്നു. ഇദ്ദേഹം ഇപ്പോൾ സൈന്യത്തിൻ്റെ കസ്റ്റഡിയിലെന്നാണ് വിവരം. മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനും കസ്റ്റഡിയിലുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്..


