അഹമ്മദാബാദിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിലെ ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങളിൽ അപകടകരമായ അളവിൽ വിഷരാസവസ്തുക്കൾ കണ്ടെത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടിക്ക് റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു.

ലണ്ടൻ: അഹമ്മദാബാദിൽ ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം തകർന്ന എയർ ഇന്ത്യ വിമാനത്തിലെ (ബോയിംഗ് 787) ബ്രിട്ടീഷ് പൗരന്മാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുകെയിലേക്ക് തിരിച്ചയച്ച നിരവധി മൃതദേഹങ്ങളിൽ അപകടകരമാം വിധം ഉയർന്ന അളവിൽ വിഷരാസവസ്തുക്കൾ കണ്ടെത്തിയതായി ബ്രിട്ടീഷ് ജുഡീഷ്യൽ ഓഫീസർ വെളിപ്പെടുത്തി. അപകടത്തിൽ മരിച്ച 53 ബ്രിട്ടീഷ് പൗരന്മാരുടെ കേസ് അന്വേഷിക്കുന്ന പ്രൊഫസർ ഫിയോണ വിൽകോക്സ്, ഡിസംബർ രണ്ടിനാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫ് ചെയ്ത് ഏകദേശം 600 അടി ഉയരത്തിൽ വെച്ച് 32 സെക്കൻഡിനുള്ളിൽ തകരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ ഒഴികെ എല്ലാവരും, കൂടാതെ ഗ്രൗണ്ടിലുണ്ടായിരുന്ന 19 പേരും ദുരന്തത്തിൽ മരിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് മാത്രമാണ് അപകടത്തിൽ ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തി.

മോർച്ചറി ജീവനക്കാർക്ക് നേരിട്ട ഭീഷണി

വിൽകോക്‌സിന്‍റെ റിപ്പോർട്ട് അനുസരിച്ച്, വിമാന യാത്രക്കാരുടെ ഭൗതികാവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനിടെ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്ക് അപകടകരമായ ഉയർന്ന അളവിൽ ഫോർമാലിൻ എന്ന അതീവ വിഷാംശമുള്ള രാസവസ്തുവിന്‍റെ സമ്പർക്കം ഉണ്ടായി. ഒരു സംരക്ഷക വസ്തുവായി സാധാരണയായി ഉപയോഗിക്കുന്ന ഫോർമാലിൻ ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ശവപ്പെട്ടികൾ തുറന്ന് മൃതദേഹങ്ങളിലെ ആവരണങ്ങൾ നീക്കം ചെയ്തപ്പോഴാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ ഉണ്ടായതെന്ന് വിൽകോക്സ് ചൂണ്ടിക്കാട്ടി.

അമിതമായ ഫോർമാലിനൊപ്പം, മോർച്ചറിയിൽ അപകടകരമായ അളവിൽ കാർബൺ മോണോക്സൈഡും സയനൈഡും കണ്ടെത്തി. തിരിച്ചെത്തിച്ച മരിച്ചവരുടെ ശവപ്പെട്ടികൾ തുറക്കുകയും ആവരണങ്ങൾ നീക്കം ചെയ്യുകയും ചെയ്തതിനെത്തുടർന്ന് ഫോർമാലിന്‍റെ അളവ് അപകടകരമാംവിധം ഉയർന്നതായും, കാർബൺ മോണോക്സൈഡും സയനൈഡും മോർച്ചറിയിൽ അപകടകരമായ അളവിൽ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

മൃതദേഹങ്ങൾ വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിൽ എത്തിച്ചപ്പോൾ ലൈൻ ചെയ്ത ശവപ്പെട്ടികളിൽ, 40 ശതമാനം ഫോർമാലിൻ അടങ്ങിയ നിലയിലാണ് പൊതിഞ്ഞ് തിരികെ നൽകിയത്. രാസവസ്തുക്കൾ സംരക്ഷണത്തിനായി പതിവായി ഉപയോഗിക്കാറുണ്ടെങ്കിലും, ഈ സാഹചര്യത്തിൽ, ശവപ്പെട്ടികൾ തുറന്നയുടൻ മോർച്ചറി ജീവനക്കാർക്ക് നേരിട്ടുള്ള അപകടം ഉണ്ടാക്കുന്ന അളവിലാണ് ഇവ ഉണ്ടായിരുന്നത്.

ഉടനടി തിരുത്തൽ നടപടിക്ക് ആഹ്വാനം

നിലവിൽ അന്വേഷണങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്ന് വിൽകോക്സ് വ്യക്തമാക്കി. എന്നാൽ, മൃതദേഹങ്ങൾ സംരക്ഷിച്ചതും കൊണ്ടുപോയതുമായ രീതി അവ കൈകാര്യം ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നതിനാലാണ് റെഗുലേഷൻ 28 പ്രകാരമുള്ള തന്റെ ചുമതല നിർവഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ലണ്ടനിൽ ശവപ്പെട്ടികൾ തുറന്ന നിമിഷം തന്നെ അപകടം വ്യക്തമായതായും, ഇത് അടിയന്തര അവലോകനത്തിന് കാരണമായതായും അവർ പറഞ്ഞു.

തുടർന്ന് വിദഗ്ദ്ധോപദേശം തേടുകയും പാരിസ്ഥിതിക നിരീക്ഷണം, ശ്വസന ഉപകരണങ്ങൾ, പ്രത്യേക സംരക്ഷണ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ലഘൂകരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഫോർമാലിൻ എക്സ്പോഷറിന്‍റെ അപകടങ്ങളെക്കുറിച്ച് യുകെയിലെ മോർച്ചറികളിൽ അവബോധം അപര്യാപ്തമാണെന്നും, ഇത് അത്തരം സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന ആർക്കും അപകടമുണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഫോർമാലിനിൽ ഒരു അസ്ഥിരവും അർബുദത്തിന് കാരണമാകുന്നതുമായ ഫോർമാൽഡിഹൈഡ് അടങ്ങിയിരിക്കുന്നു എന്നാണ് പിടിഐ റിപ്പോര്‍ട്ടുകൾ പറയുന്നു. ഉയർന്ന അളവിലുള്ള എക്സ്പോഷർ മെറ്റബോളിക് അസിഡോസിസ്, ശ്വാസനാളി ചുരുങ്ങുന്നത്, ശ്വാസകോശത്തിലെ വീക്കം, മരണം എന്നിവയ്ക്ക് കാരണമാകും. ചൂടും പ്രകാശവും ഈ രാസവസ്തുവിനെ വിഘടിപ്പിച്ച് കാർബൺ മോണോക്സൈഡ് പുറത്തുവിടാൻ ഇടയാക്കും. കൂടാതെ, അഴുകുന്ന സമയത്ത് പലപ്പോഴും ഉണ്ടാകുന്ന അമോണിയയുമായുള്ള പ്രതിപ്രവർത്തനം സയനൈഡ് ഉത്പാദിപ്പിക്കാനും സാധ്യതയുണ്ട്.

അടിയന്തര തിരുത്തൽ നടപടികൾ ആവശ്യപ്പെട്ട വിൽകോക്സ്, ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ 56 ദിവസത്തിനുള്ളിൽ പ്രതികരണം അറിയിക്കാൻ യുകെ ആരോഗ്യ-സാമൂഹ്യ പരിപാലന വകുപ്പുകളോടും ഭവന, കമ്മ്യൂണിറ്റികൾ, പ്രാദേശിക സർക്കാർ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് സർക്കാർ വക്താവ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ഗൗരവം അംഗീകരിക്കുകയും ചെയ്തു. "ഈ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ അഗാധമായ ദുഃഖം. ഇത് അത്യന്തം ഞെട്ടിക്കുന്ന ഒരു സംഭവമാണ്. ഭാവി മരണങ്ങൾ തടയുന്നതിനുള്ള എല്ലാ റിപ്പോർട്ടുകളോടും ഞങ്ങൾ പ്രതികരിക്കുകയും പഠിക്കുകയും ചെയ്യും. ഔദ്യോഗികമായി പ്രതികരിക്കുന്നതിന് മുൻപ് ഇത് പൂർണ്ണമായി പരിഗണിക്കും," വക്താവ് വിശദീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.