നിലവില്‍ ഓണ്‍ലൈൻ മുഖേന മാത്രം ലഭ്യമാകുന്ന പല സർക്കാർ സേവനങ്ങളും നിർമിതബുദ്ധിയുടെ സഹായത്തോടെ വാട്ട്‌സ്ആപ്പ് വഴി ജനങ്ങളിലേക്ക് എത്തിക്കാനാണ് തീരുമാനം.  

ദില്ലി: വാട്ട്‌സ്‌ആപ്പ് മുഖേന സർക്കാർ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ ഡല്‍ഹി സർക്കാർ. ജനന, ജാതി സർട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഇനി വാട്ട്സ്ആപ്പ് വഴി അപേക്ഷിക്കാനും, കൈപ്പറ്റാനും കഴിയുന്ന സംവിധാനമാണ് തയാറാകുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ കീഴില്‍ വരുന്ന അൻപതോളം സേവനങ്ങളാണ് ഇനി വിരല്‍ത്തുമ്പിലെത്തുക. സർക്കാരിന് കീഴിലുള്ള വിവരസാങ്കേതിക വകുപ്പാണ് പുതിയ സംവിധാനം ഒരുക്കുന്നത്. നിലവിൽ ഓൺലൈൻ മുഖേന മാത്രം ലഭ്യമാകുന്ന വിവിധ സ‍ർക്കാർ സേവനങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ വാട്ട്‌സ്ആപ്പ് വഴി ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ദ്വിഭാഷാ ചാറ്റ്‌ബോട്ടുകൾ ഉള്ളതിനാൽ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ഉപയോഗിക്കുവാൻ സാധിക്കും. പിന്നീടുള്ള ഘട്ടങ്ങളിൽ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തും. ഇതിലുടെ ജനന, ജാതി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അപേക്ഷിക്കാനും, ഇത് ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യാനും ഫീസ് അടക്കാനും കഴിയും. വാട്ട്‌സ്ആപ്പ് സേവനം നടപ്പിലാക്കുന്നതിനായി, അപേക്ഷകരുമായുള്ള വകുപ്പുകളുടെ ഇടപെടലുകൾ തത്സമയം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഒരു ഡാഷ്‌ബോർഡ് വികസിപ്പിക്കും. ഈ സംവിധാനം രൂപകൽപ്പന ചെയ്യാനും നടപ്പിലാക്കാനുമായി സർക്കാർ ഒരു ടെക് കമ്പനിയെ ചുമതലപ്പെടുത്തുമെന്നുമാണ് അധികൃതർ പറയുന്നത്.

പുതിയ മാറ്റത്തിലൂടെ ജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ സേവനങ്ങൾക്ക് അപേക്ഷിക്കാനും, രേഖകൾ അപ്‌ലോഡ് ചെയ്യാന്നതിനും, പേയ്‌മെന്റുകൾ നടത്താനും സാധിക്കും. ഡാറ്റാ സംരക്ഷണ നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് വാട്ട്സ്ആപ്പ് വഴി സർക്കാർ സേവനങ്ങൾ നൽകുന്ന പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃത‍‍ർ അറിയിച്ചു. നിലവില്‍ ഓണ്‍ലൈൻ മുഖേന മാത്രം ലഭ്യമാകുന്ന പല സർക്കാർ സേവനങ്ങളും ഇനി നിർമിതബുദ്ധിയുടെ സഹായത്തോടെ വാട്ട്‌സ്ആപ്പ് വഴി ജനങ്ങളിലേക്ക് എത്തിക്കാനാണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് വാ‍ർത്തകൾ തത്സമയം കാണാം 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്