ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, ജമാഅത്ത് ഉൽ മൊഅ്മിനാത്ത് എന്ന പേരിൽ പുതിയ വനിതാ വിഭാഗം പ്രഖ്യാപിച്ചു. പുരുഷന്മാർക്ക് സമാനമായ പരിശീലനം നൽകി സ്ത്രീകളെ ഭീകരപ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനാണ് പദ്ധതി. 

ദില്ലി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ (ജെഇഎം) തലവൻ മസൂദ് അസ്ഹർ, സംഘടനയുടെ പുതിയ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ മൊഅ്മിനാത്ത് പ്രഖ്യാപിച്ചു. "ജയ്ഷിന്‍റെ ശത്രുക്കൾ ഹിന്ദു സ്ത്രീകളെ സൈന്യത്തിൽ എത്തിച്ചെന്നും വനിതാ മാധ്യമപ്രവർത്തകരെ തങ്ങൾക്കെതിരെ ഉപയോഗിക്കുന്നു എന്നുമാണ് മസൂദ് അസ്ഹറിന്‍റെ ആരോപണം. ഇതിനെ നേരിടാനാണ് പുതിയ വനിതാ വിഭാഗമെന്നും 21 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഓഡിയോ റെക്കോർഡിംഗിൽ അസ്ഹർ അവകാശപ്പെട്ടു. ഈ വെല്ലുവിളികളെ നേരിടാനും അവരെ നേരിടാൻ സ്ത്രീകളെ സജ്ജരാക്കാനും താൻ ശ്രമിക്കുകയാണെന്നും അസ്ഹർ കൂട്ടിച്ചേർത്തു.

പ്രസംഗം പാകിസ്ഥാനിൽ

പാകിസ്ഥാനിലെ ബഹാവൽപൂരിലെ മർകസ് ഉസ്മാൻ-ഒ-അലിയിൽ നടത്തിയ പ്രസംഗത്തിലാണ് ഉറി, പുൽവാമ ആക്രമണങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയ ജയ്ഷിന്‍റെ പുതിയ വനിതാ വിഭാഗത്തിന്‍റെ രൂപരേഖ അസ്ഹർ വിശദമാക്കിയത്. ജെഇഎമ്മിലെ പുരുഷ റിക്രൂട്ടുകൾക്ക് നൽകുന്ന പരിശീലനത്തിന് സമാനമായി വനിതാ അംഗങ്ങൾക്കും പരിശീലനം നൽകും. പുരുഷന്മാർക്കുള്ള 'ദൗറ-എ-തർബിയത്ത്' കോഴ്‌സിന് പകരം, സ്ത്രീകൾക്കായി 'ദൗറ-എ-തസ്‌കിയ' എന്ന ഇൻഡക്ഷൻ കോഴ്‌സ് ഉണ്ടായിരിക്കും.

ഈ പരിശീലനം മർകസ് ഉസ്മാൻ-ഒ-അലിയിൽ നടക്കും. ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ സ്വർഗ്ഗം ലഭിക്കുമെന്ന് പുരുഷന്മാരെ പഠിപ്പിക്കുന്നത് പോലെ, 'ദൗറ-എ-തസ്‌കിയ' പൂർത്തിയാക്കുന്ന സ്ത്രീകൾ 'മരണശേഷം നേരെ സ്വർഗ്ഗത്തിൽ പോകും' എന്നും അസ്ഹർ ഉറപ്പുനൽകുന്നു. ആദ്യ കോഴ്‌സ് പൂർത്തിയാക്കുന്ന സ്ത്രീകൾക്ക് 'ദൗറ-ആയത്ത്-ഉൽ-നിസ' എന്ന രണ്ടാം ഘട്ട പരിശീലനം ലഭിക്കും. ഇവിടെ 'ജിഹാദ്' ചെയ്യാൻ ഇസ്ലാമിക ഗ്രന്ഥങ്ങൾ സ്ത്രീകളെ എങ്ങനെയാണ് നിർദ്ദേശിക്കുന്നതെന്ന് പഠിപ്പിക്കുമെന്നും അസ്ഹർ പറയുന്നു.

പാകിസ്ഥാനിലെ എല്ലാ ജില്ലകളിലും ജമാഅത്ത്-ഉൽ-മൊഅ്മിനാത്ത് ശാഖകൾ സ്ഥാപിക്കുമെന്നും, ഓരോ ശാഖയുടെയും ചുമതല ഒരു 'മുൻതസിമ' (മാനേജർ)ക്കായിരിക്കുമെന്നും അവർ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകുമെന്നും അസ്ഹർ പ്രഖ്യാപിച്ചു. കൂടാതെ, ഭർത്താക്കന്മാരോ അടുത്ത കുടുംബാംഗങ്ങളോ അല്ലാത്ത 'അപരിചിതരായ പുരുഷന്മാരുമായി ഫോണിലൂടെയോ മെസഞ്ചറിലൂടെയോ സംസാരിക്കരുത്' എന്ന കർശന നിയമവും വനിതാ അംഗങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വനിതാ ബ്രിഗേഡിന്‍റെ തലവനയായി അസ്ഹർ തന്‍റെ സഹോദരി സാദിയ അസ്ഹറിനെ നിയമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭീകരതയെ ചെറുക്കുന്നതായി പാകിസ്ഥാൻ ആഗോള വേദികളിൽ അവകാശപ്പെടുമ്പോഴും അവിടെ ഭീകരസംഘടനകൾ തഴച്ചുവളരുന്നു എന്നതിന്‍റെ സൂചനയാണ് ജയ്ഷിന്‍റെ ഈ പുതിയ നീക്കം.