മാധ്യമപ്രവർത്തക ഇസ്രയേലിൽ അറസ്റ്റിൽ; മിർവതുമായി ഇനി ഒരു ബന്ധവുമില്ലെന്ന് എൻബിസി ന്യൂസ്
ഹമാസിന്‍റെ ആക്രമണത്തെ മഹത്വവല്‍ക്കരിച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ്.

ടെല്‍ അവീവ്: എന്‍ബിസി ന്യൂസിനായി പ്രവര്‍ത്തിച്ചിരുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തക മിര്‍വത് അല്‍ അസെ ഇസ്രയേലില്‍ അറസ്റ്റില്‍. ഹമാസിന്‍റെ ആക്രമണത്തെ മഹത്വവല്‍ക്കരിച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ്. 45കാരിയായ മിര്‍വത് പലസ്തീനിയാണ്. അറസ്റ്റിന് പിന്നാലെ മാധ്യമപ്രവർത്തകയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചെന്ന് എൻബിസി ന്യൂസ് പ്രതികരിച്ചു.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു, തീവ്രവാദ ബന്ധം എന്നിങ്ങനെയുള്ള സംശയത്തെ തുടര്‍ന്നാണ് മിര്‍വതിന്‍റെ അറസ്റ്റെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസമയത്ത് ആക്രമണത്തിനിരയായ അതേ രാജ്യത്ത് തന്നെ ജീവിക്കുകയും ഉപജീവനം നടത്തുകയും ചെയ്യുമ്പോഴും സാധാരണക്കാര്‍ക്കെതിരായ ക്രൂരതയെ മഹത്വവല്‍ക്കരിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ഇസ്രയേല്‍ പൊലീസ് വക്താവ് കോടതിയെ അറിയിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തന്‍റേത് തന്നെയാണെന്ന് മിര്‍വത് സമ്മതിച്ചെന്നും ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും പൊലീസിനായി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തക അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും കോടതിയെ അറിയിച്ചു.
അതേസമയം മിര്‍വതുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി എൻബിസി ന്യൂസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഒക്ടോബർ 7 ന് ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് മിര്‍വത് എന്‍ബിസിക്കായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതെന്ന് സ്ഥാപനം പ്രതികരിച്ചു. എന്‍ബിസിയുടെ ജീവനക്കാരിയല്ല, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് മിര്‍വതെന്നും സ്ഥാപനം അറിയിച്ചു. സമൂഹ മാധ്യമത്തിലെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് നയിച്ചതെന്നും ഇതുമായി എന്‍ബിസിക്ക് ഒരു ബന്ധവുമില്ലെന്നുമാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനലിന്‍റെ പ്രതികരണം.
മിര്‍വതിന്‍റെ ലിങ്ക്ഡിന്‍ അക്കൌണ്ട് പ്രകാരം 2018 സെപ്റ്റംബർ മുതൽ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ്. ഇസ്രയേല്‍ - ഹമാസ് യുദ്ധം തുടങ്ങിയതു മുതല്‍ ഹമാസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഇസ്രയേല്‍ വ്യാപകമായി അറസ്റ്റ് ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം