മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ന്യൂയോര്‍ക്ക്: അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ നാലംഗ ഗുജറാത്തി കുടുംബം തണുത്ത് മരിച്ച സംഭവത്തില്‍ രണ്ട് മനുഷ്യക്കടത്തുകാര്‍ക്ക് തടവ് ശിക്ഷ വിധിച്ച് യുഎസിലെ കോടതി. ഹര്‍ഷ് കുമാര്‍ രമണ്‍ലാല്‍ പട്ടേല്‍ (29), സ്റ്റീവ് ആന്‍റണി (50) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഹര്‍ഷ് കുമാറിന് 10 വര്‍ഷവും സ്റ്റീവ് ആന്‍റണിക്ക് ആറുവര്‍ഷവുമാണ് ശിക്ഷ. ജഗദീഷ് പട്ടേല്‍ (39), ഭാര്യ വൈശാലി ബെന്‍, മക്കള്‍ വിഹാംഗി (11), ധര്‍മിക് (3) എന്നിവരാണ് തണുത്ത് മരവിച്ച് മരിച്ചത്. 2022 ജനുവരിയിലായിരുന്നു സംഭവം. ഇവര്‍ ഗുജറാത്ത് സ്വദേശികളാണ്. മഞ്ഞില്‍ തണുത്ത് മരിച്ച നാല് പേരെ കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കണ്ടെടുക്കുകയായിരുന്നു.

ഇവരുടെ കൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഏഴുപേരെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിന്നില്‍ വലിയ മനുഷ്യക്കടത്ത് സംഘമാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ മണിക്കൂറുകളോളം കൊടും തണുപ്പില്‍ കുടുങ്ങിയതാണ് മരണകാരണം. ആദ്യം മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. അറസ്റ്റിലായ സംഘം 11 മണിക്കൂര്‍ നടന്നാണ് അതിര്‍ത്തി കടന്ന യുഎസിലെത്തിയത്. മരിച്ച കുടുംബത്തിന്റെ ബാഗ് ഇവരിലൊരാളുടെ കൈയിലായിരുന്നു. മരിച്ച കുടുംബവും ഇവര്‍ക്കൊപ്പമാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ രാത്രിയില്‍ ഇവര്‍ വഴിമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം