ചൊവ്വാഴ്ച മാത്രം 2200 ലേറെ അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയിൽ പിടിയിലായത്. ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത ദിവസമാണ് ഇതെന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടി ശക്തമാക്കി അമേരിക്കൻ ഭരണകൂടം. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം റെക്കോഡ് അറസ്റ്റാണ് മൈഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം (ഐ സി ഇ) നടത്തിയത്. ചൊവ്വാഴ്ച മാത്രം 2200 ലേറെ അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയിൽ പിടിയിലായത്. ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത ദിവസമാണ് ഇതെന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. 2,200 ൽ അധികം ആളുകളെ കസ്റ്റഡിയിലെടുത്തെന്നും വൈറ്റ് ഹൗസ് നടപടികൾ കൂടുതൽ ശക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐ സി ഇ അധികൃതർ വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്‍റ് പദത്തിൽ ഡോണൾഡ് ട്രംപ് രണ്ടാം തവണ എത്തിയതിന് പിന്നാലെയാണ് കുടിയേറ്റക്കാർക്കെതിരായ നടപടികൾ കർശനമാക്കിയത്. രാജ്യത്ത് നിന്നും എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഇതിന്‍റെ ഭാഗമായാണ് ഇപ്പോൾ നടപടികൾ കൂടുതൽ കർശനമാക്കിയതെന്ന് മൈഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം വ്യക്തമാക്കി. ഐ സി ഇയുടെ ആൾട്ടർനേറ്റീവ് ടു ഡിറ്റൻഷൻ (എ ടി ഡി) പദ്ധതിയിലൂടെയാണ് ഇപ്പോൾ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതും പിടികൂടുന്നതും. പൊതു സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് കരുതപ്പെടുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഐ സി ഇ കൃത്യമായി നിരീക്ഷിക്കാറുണ്ട്. സ്മാർട്ട്‌ഫോൺ ആപ്പുകൾ അല്ലെങ്കിൽ മറ്റ് ജിയോലൊക്കേറ്റിംഗ് പ്രോഗ്രാമുകൾ എന്നിവയിലൂടെ ഇവരെ ട്രാക്ക് ചെയ്യുകയും പരിശോധനകൾ നടത്തുകയും നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് ഐ സി ഇ അധികൃതർ വ്യക്തമാക്കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാസം ഐ സി ഇ ഉദ്യോഗസ്ഥരുമായി വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോർ പോളിസി സ്റ്റീഫൻ മില്ലർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ പ്രതിദിനം 3,000 അറസ്റ്റുകൾ നടത്താൻ തുടങ്ങിയില്ലെങ്കിൽ ഐ സി ഇയിലെ മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ കുടിയേറ്റക്കാരെ മുഴുവൻ പുറത്താക്കുമെന്ന അധികാരത്തിലേറിയതിന് പിന്നാലെയുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ വാഗ്ദാനം നടപ്പാക്കാൻ വരും ദിവസങ്ങളിലും ഐ സി ഇ നടപടികൾ കർശനമാക്കാനാണ് സാധ്യത.

അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി തീരുമാനത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇളവ് പ്രഖ്യാപിച്ചു എന്നതാണ്. കായിക താരങ്ങൾക്കും അമേരിക്കയെ സഹായിച്ചവർക്കുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രശസ്ത കായികതാരങ്ങളെ പ്രവേശന വിലക്കിൽ നിന്ന് ഒഴിവാക്കുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത വർഷം അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ ടീമിനും, വിലക്കിയ 12 രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്കും പങ്കെടുക്കാം. 2028 ലോസ് ആഞ്ജലസ് ഒളിംപിക്സിനും വിലക്ക് ബാധകമാകില്ല. അമേരിക്കയെ സഹായിച്ച അഫ്ഗാൻ പൗരന്മാർ, ഇറാനിലെ മത ന്യൂനപക്ഷം, അഭയാർത്ഥികൾ, ഇരട്ട പൗരത്വം, ഗ്രീൻ കാർഡ് ഉള്ളവർക്കും ഇളവുണ്ടായിരിക്കും.