കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ചർച്ച നടത്തി

ദില്ലി: കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ചർച്ച നടത്തി. അതിർത്തിയിലെ സമാധാനവും ശാന്തതയും നിലനിർത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിന് സഹായിക്കുമെന്ന് ചർച്ചയിൽ ഇരുപക്ഷവും വിലയിരുത്തി. ബീജിംഗിൽ വെച്ച് നടന്ന അതിർത്തി കാര്യങ്ങൾക്കായുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (WMCC) യോഗത്തിലാണ് അതിർത്തി സാഹചര്യങ്ങളെക്കുറിച്ചുള്ള വിവിധ വശങ്ങൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2020-ലെ ഗാൽവൻ താഴ്‌വരയിലെ സംഘർഷങ്ങൾക്ക് ശേഷം കഴിഞ്ഞ കുറച്ചുകാലമായി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിൽ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. ചൈനയിൽ വെച്ച് നടക്കാനിരിക്കുന്ന അടുത്ത പ്രത്യേക പ്രതിനിധിതല ചർച്ചയ്ക്കായുള്ള ഒരുക്കങ്ങൾ സംയുക്തമായി നടത്താൻ ഇരുപക്ഷവും സമ്മതിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ദില്ലിയിൽ വെച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ ചർച്ച അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ വലിയ പങ്കുവഹിച്ചിരുന്നു.

അതിർത്തി നിർണ്ണയം, പുതിയ സംവിധാനങ്ങളുടെ നിർമ്മാണം, അതിർത്തി കടന്നുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. അതിർത്തി പങ്കിടുന്ന നദികളെക്കുറിച്ചുള്ള വിദഗ്ദ്ധതല ചർച്ചകൾ എത്രയും വേഗം നടത്തണമെന്ന് ഇന്ത്യൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രതിനിധി സംഘത്തിന് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജിത് ഘോഷും ചൈനീസ് പ്രതിനിധി സംഘത്തിന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ബൗണ്ടറി ആൻഡ് ഓഷ്യാനിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഹൗ യാൻകിയും നേതൃത്വം നൽകി.

ദീർഘനാളത്തെ നയതന്ത്ര-സൈനിക ചർച്ചകൾക്ക് ശേഷം കിഴക്കൻ ലഡാക്കിലെ പ്രധാന തർക്കമേഖലകളിൽ നിന്ന് ഇരുരാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ പിൻവലിച്ചിരുന്നു. 2024 ഒക്ടോബറിൽ ഡെപ്സാങ്, ഡെംചോക് എന്നീ പ്രദേശങ്ങളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും അന്തിമ കരാറിലെത്തിയിരുന്നു. ഇതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ചകൾ നടത്തുകയും ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു.

YouTube video player