ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണം മേഖലയിലെ സംഘർഷം വഷളാക്കുമെന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഖത്തർ അമീറിനെ പ്രധാനമന്ത്രി മോദി നേരിട്ട് നിലപാട് അറിയിച്ചു

ദില്ലി: ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തോട് ശക്തമായ വിയോജിപ്പെന്ന് ഗൾഫ് രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ. ആക്രമണം മേഖലയിലെ സംഘർഷ സ്ഥിതി വഷളാക്കുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. ഖത്തർ അമീർ അടക്കമുള്ള നേതാക്കളെ പ്രധാനമന്ത്രി നേരിട്ട് നിലപാട് അറിയിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തർ അമീർ മോദിക്ക് നന്ദി പറഞ്ഞു.

വിശദ വിവരങ്ങൾ

എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാരുള്ള ഖത്തറുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നടപടികളാണ് അടുത്തിടെയെല്ലാം നരേന്ദ്ര മോദി സ്വീകരിച്ചിട്ടുള്ളത്. ഖത്തർ അമീർ ദില്ലിയിലെത്തിയപ്പോൾ വിമാനത്തവളത്തിൽ നേരിട്ടെത്തി മോദി സ്വീകരിച്ചു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിൽ മൂന്നിൽ രണ്ടും വാങ്ങുന്നത് ഖത്തറിൽ നിന്നാണ്. ഈ സാഹചര്യത്തിൽ ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് എതിരായ നിലപാടാണ് ഇന്ത്യ ഇന്നലെ മൂന്നു വരി പ്രസ്താവനയിൽ സ്വീകരിച്ചത്. മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാക്കരുത് എന്ന മുന്നറിയിപ്പ് ഇന്ത്യ നൽകി. അപലപിക്കുന്നു എന്ന് പറഞ്ഞില്ലെങ്കിലും ആക്രമണത്തിൽ അതിയായ ആശങ്കയുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇസ്രയേൽ ആക്രണമണത്തിനു ശേഷം ഗൾഫ് രാജ്യങ്ങളുടെ തുടർനീക്കം ഇന്ത്യ നിരീക്ഷിക്കുകയാണ്.

അന്താരാഷ്ട്ര സഹകരണത്തിന്‍റെ ചുമതലയുള്ള യു എ ഇ സഹമന്ത്രി റീം അൽ ഹാഷ്മിയുമായി വിദേശകര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി. സംഘർഷം വ്യാപിക്കാനിടയാക്കുന്ന നടപടിയോട് യോജിപ്പില്ലെന്ന് ഈ കൂടിക്കാഴ്ചയിലും ഇന്ത്യ അറിയിച്ചു എന്നാണ് വ്യക്തമാകുന്നത്. ഹമാസ് 2023 ഒക്ടോബർ 7 ന് നടത്തിയത് ഭീകരാക്രമണം എന്ന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു. എന്നാൽ ഗാസയ്ക്കു നേരെയുള്ള ആക്രമണം ഇതിന്‍റെ പേരിൽ ഇപ്പോഴും തുടരുന്നത് ശരിയല്ല എന്നാണ് ഇന്ത്യയുടെ നയം. ചർച്ചയിലൂടെ വിഷയം പരിഹരിക്കണം എന്ന് എല്ലാ അന്താരാഷ്ട്ര വേദികളിലും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യയെ സഹായിച്ച ഇസ്രയേലുമായുള്ള ബന്ധം തുടരുമ്പോൾ തന്നെ തന്നെ ഗൾഫ് രാജ്യങ്ങളെ ഒപ്പം നിറുത്തുന്ന നയമാണ് നരേന്ദ്ര മോദി സർക്കാരിന്‍റേത്. ഇസ്രയേൽ ധനമന്ത്രി കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടതിനെതിരെ സി പി എം രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഗൾഫ് മേഖലയിലേക്ക് സംഘർഷം വ്യാപിപ്പിക്കുന്നതിലെ വിയോജിപ്പ് പ്രധാനമന്ത്രി നേരിട്ട് ഖത്തർ അമീറിനെയും യു എ ഇ പ്രസിഡൻറ് അടക്കമുള്ള നേതാക്കളെയും അറിയിക്കാനാണ് സാധ്യത.