ഇറാനിലെ ആഭ്യന്തര പ്രക്ഷോഭത്തിൽ 5000 പേർ കൊല്ലപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി, ഇതിൽ 500 ഓളം പേർ സുരക്ഷാ ജീവനക്കാരാണ്. എന്നാൽ, അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ കണക്കുകൾ വ്യത്യസ്തമാണ്
ടെഹ്റാൻ: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭത്തിൽ ഇതുവരെ 5000 പേർ കൊല്ലപ്പെട്ടെന്ന് കണക്ക്. ഇതിൽ 500 ഓളം പേർ സുരക്ഷാ ജീവനക്കാരാണ്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥനാണ് കണക്കുകൾ പുറത്തുവിട്ടത്. തീവ്രവാദികളും സായുധരായ കലാപകാരികളും നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ ആക്രമണമാണി ഇറാനിൽ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇനിയും മരണസംഖ്യ ഉയർന്നേക്കാമെങ്കിലും വലിയ തോതിൽ ഉയരില്ലെന്നും ഇദ്ദേഹത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ ഉയർന്ന വിലക്കയറ്റം, സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭമാണ് ഇത്രയും പേരുടെ മരണത്തിലേക്ക് നയിച്ചത്. 1979 മുതൽ രാജ്യത്ത് അധികാരത്തിലുള്ള ഇസ്ലാമിക ഭരണകൂടത്തിന് അവസാനം കുറിക്കണമെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയും ഇസ്രായേലുമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് അയത്തൊള്ള അലി ഖമെയ്‌നി വിമർശിച്ചത്.
അതേസമയം അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 24000ത്തിലധികം പേർ അറസ്റ്റിലായിട്ടുണ്ട്. 3,308 പേർ കൊല്ലപ്പെട്ടുവെന്നും 4382 പേരുടെ കാര്യങ്ങൾ പരിശോധിക്കുന്നതായും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇറാൻ വിദേശകാര്യ വക്താവ് ആരോപിച്ചു. എന്നാൽ ഇത് തള്ളിയ ഇറാൻ ഭരണകൂടം ഇറാന് അമേരിക്കയെ ആക്രമിക്കാൻ പദ്ധതിയില്ലെന്നും എന്നാൽ അമേരിക്ക ആക്രമിച്ചാൽ പ്രത്യാക്രമണം ശക്തമായിരിക്കുമെന്നും വ്യക്തമാക്കി.


