ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ധീരമായി നേരിട്ട് 174 ജീവനുകൾ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദരിച്ചു. കുത്തേറ്റെങ്കിലും തളരാതെ പോരാടിയ അദ്ദേഹത്തിന്റെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

ടെൽ അവീവ്: വിമാനത്തിനുള്ളിലുണ്ടായ മാരകമായ ആക്രമണത്തെ ധീരമായി ചെറുത്തുതോൽപ്പിച്ച് 174 ജീവനുകൾ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അക്രമിയുടെ കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിട്ടും തളരാതെ പോരാടിയ സ്മിത് മച്ചാറിന്റെ അസാമാന്യ ധീരത വലിയൊരു ദുരന്തമാണ് ഒഴിവാക്കിയതെന്ന് നെതന്യാഹു വ്യക്തമാക്കി.

ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും അക്രമിയെ ചെറുക്കുകയും കോക്പിറ്റ് വാതിൽ തുറന്ന് നൽകി യാത്രികർക്കും വിമാന ജീവനക്കാർക്കും അക്രമിയെ കീഴ്പ്പെടുത്താൻ അവസരമൊരുക്കുകയുമായിരുന്നു അദ്ദേഹം. ഇസ്രായേൽ പൗരന്മാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവനാണ് പൈലറ്റിന്റെ സമയയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ മച്ചാറിന് വേഗത്തിലുള്ള സൗഖ്യവും പൂർണ്ണ ആരോഗ്യവും ആശംസിച്ച നെതന്യാഹു, അദ്ദേഹത്തെ "യഥാർത്ഥ ഹീറോ" എന്ന് വിശേഷിപ്പിച്ചു. ക്യാപ്റ്റൻ മച്ചാറിന്റെ ആരോ​ഗ്യനില തൃപ്തികരമെന്നാണ് സൗദി അധികൃതർ അറിയിച്ചത്.

ഫ്ളൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച് യാത്രക്കാര സുരക്ഷിതരാക്കിയത് ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ ആണ്. സഹപൈലറ്റിന്റെ കുത്തേറ്റിട്ടും സ്മിത് മച്ചാർ ഇയാളെ നേരിടുകയും നിയന്ത്രണം കൈവിടാതെ വൻ ദുരന്തത്തിൽനിന്ന് വിമാനത്തെയും യാത്രക്കാരെയും രക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ നാലുവർഷമായി സ്മിത് മച്ചാർ ഫ്ളൈ ദുബായ് വിമാനക്കമ്പനിയിൽ ജോലിചെയ്തുവരികയാണെന്നാണ് റിപ്പോർട്ട്. ഫ്ളൈദുബായിൽ പ്രവേശിക്കുന്നതിന് മുൻപ് സ്പൈസ് ജെറ്റിൽ പത്തുവർഷത്തോളം ജോലിചെയ്തിരുന്നു. 9750 മണിക്കൂർ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ട്. 13 വർഷം ബോയിങ് 737 വിമാനങ്ങളും പറത്തിയിട്ടുണ്ട്.

ബുധനാഴ്ച ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ളൈ ദുബായിയുടെ FZ 1073 വിമാനത്തിലാണ് കോക്ക്പിറ്റിൽ കത്തിക്കുത്തുണ്ടായത്. വിമാനം ദുബായിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ക്യാപ്റ്റൻ ഇതിനെ പ്രതിരോധിച്ചു. യാത്രക്കാരെത്തിയാണ് കോക്ക്പിറ്റിൽനിന്ന് ക്യാപ്റ്റനെ രക്ഷിച്ചത്. അക്രമിയെ ഇവർ കീഴ്പ്പെടുത്തി. ഇതിനിടെ അവധിയിലായിരുന്ന ചില പൈലറ്റുമാരും വിമാനത്തിലുണ്ടായിരുന്നു. ഇവർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നു.