ഉത്തര കൊറിയയിൽ ആണവായുധ ശേഖരം വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് കിം ജോങ് ഉൻ. പുതിയതായി പ്രവർത്തനം തുടങ്ങിയ ആണവ സാമഗ്രികൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയിൽ സന്ദർശനം നടത്തവെയാണ് കിം ജോങ് ഉൻ നിർദേശം നൽകിയത്.
പ്യോങ്യാങ്: രാജ്യത്തിൻ്റെ ആണവായുധ ശേഖരം വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആയുധങ്ങൾക്കാവശ്യമായ ആണവ പദാർത്ഥങ്ങളുടെ ഉൽപ്പാദന ശേഷി ഇരട്ടിയിലധികമായി വർധിച്ചുവെന്നും ദീർഘകാല തന്ത്രപരമായ ലക്ഷ്യങ്ങൾ മുൻനിർത്തി ഇത് വീണ്ടും വർധിപ്പിക്കാനും കിം ജോങ് ഉൻ നിർദേശം നൽകി. പുതിയതായി പ്രവർത്തനം തുടങ്ങിയ ആണവ സാമഗ്രികൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയിൽ സന്ദർശനം നടത്തവെ ആണ് കിം ജോങ് ഉൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഉത്തര കൊറിയൻ മാധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്.
രാജ്യത്തിൻ്റെ ആണവായുധ ശേഖരം വിപുലീകരിക്കേണ്ടത് അനിവാര്യമാണെന്ന് കിം ജോങ് ഉൻ പറഞ്ഞു. സുരക്ഷാ ഭീഷണികളടക്കം ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉന്നിൻ്റെ പ്രതികരണം.
യുറേനിയം സമ്പൂഷ്ടീകരണ ഫാക്ടറിയെന്ന് കരുതുന്ന കേന്ദ്രത്തിൽ കിം ജോങ് ഉൻ സന്ദർശനം നടത്തുന്ന ചിത്രങ്ങൾ കെസിഎൻഎ പുറത്തുവിട്ടിട്ടുണ്ട്. യോങ്ബ്യോണിൽ പുതിയതായി നിർമിച്ച ഫാക്ടറിയാണിതെന്ന വിലയിരുത്തലുണ്ട്. ഇക്കാര്യം ദക്ഷിണ കൊറിയ ശരിവെച്ചിട്ടുണ്ട്. ഉത്തര കൊറിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണ് ആരംഭിച്ചതെന്ന് ദക്ഷിണ കൊറിൻ സൈന്യം സിയോളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആഗോളതലത്തിൽ യുദ്ധം അടക്കം വിവിധ സംഭവവികാസങ്ങൾ ഉണ്ടാകുന്നതിനിടെ ആണ് കിം ജോങ് ഉന്നിന്റെ പ്രതികരണം. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് വരുന്ന ആഴ്ചകളിൽ പ്യോങ്യാങ് സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഏറ്റവും ഒടുവിൽ 2019ലാണ് ഷി ജിൻപിങ് ഉത്തര കൊറിയ സന്ദർശിച്ചത്. ഈ വർഷം ആദ്യം അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവിയായ റാഫേൽ ഗ്രോസി, ഉത്തര കൊറിയ ആണവായുധങ്ങൾ ഉൽപാദിപ്പിക്കുന്നത് ഗണ്യമായി വർധിപ്പിക്കുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു.


