ചൈനയിലെ ഒരു ഷോപ്പിങ് മാളിൽ നടന്ന കിടപ്പ് മത്സരത്തിൽ 23-കാരൻ വിജയിയായി. 33 മണിക്കൂറും 35 മിനിറ്റും തുടർച്ചയായി കിടന്നതിന് യുവാവിന് 3000 യുവാൻ സമ്മാനമായി ലഭിച്ചു. 240 പേർ പങ്കെടുത്ത മത്സരത്തിൽ ഭക്ഷണം കഴിക്കാനോ ശുചിമുറിയിൽ പോകാനോ ഇടവേളകളില്ലായിരുന്നു.

ബീജിങ്: തുടർച്ചയായി 33 മണിക്കൂറും 35 മിനിറ്റും കിടക്കയിൽ കിടന്ന 23 കാരന് 420 യുഎസ് ഡോളർ (37642 രൂപ) സമ്മാനം. ചൈനയിലെ ഇന്നർ മംഗോളിയയിലെ ബൗട്ടോവിലുള്ള ഷോപ്പിങ് മാളിൽ നടന്ന കിടപ്പ് മത്സരത്തിൽ വിജയിച്ചയാൾക്കാണ് സമ്മാനം ലഭിച്ചത്. നവംബർ 15 ന് രാവിലെ 10.18 ന് ആരംഭിച്ച മത്സരത്തിൽ തുടർച്ചയായി 33 മണിക്കൂറും 35 മിനിറ്റും കിടക്കയിൽ കിടന്നതിനാണ് യുവാവിന് ഒന്നാം സമ്മാനം ലഭിച്ചത്.

കിടക്ക വിട്ടുപോകാതെ, ശുചിമുറിയിലോ ഭക്ഷണം കഴിക്കാനോ ഇടവേളയെടുക്കാതെ തുടർച്ചയായി മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു ഇവർക്ക് മുന്നിലെ വെല്ലുവിളി. മത്സരാർത്ഥികൾക്ക് കിടക്കയിൽ ഏത് തരത്തിൽ വേണമെങ്കിലും കിടക്കാൻ അനുവാദമുണ്ടായിരുന്നു. കിടന്നുകൊണ്ട് പുസ്തകം വായിക്കാനും മൊബൈൽ ഫോൺ ഉപയോഗിക്കാനും കിടന്നുകൊണ്ട് ഭക്ഷണം കഴിക്കാനും സാധിക്കുമായിരുന്നു. എന്നാൽ കിടക്കയിൽ എഴുന്നേറ്റിരിക്കാനോ കിടക്കവിട്ട് പോകാനോ ശ്രമിച്ചാൽ മത്സരത്തിൽ നിന്ന് പുറത്താകുമെന്നായിരുന്നു നിബന്ധന.

ആകെ 240 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ശുചിമുറിയിൽ പോകാതിരിക്കാൻ ഡയപ്പർ ധരിച്ചാണ് പലരും പങ്കെടുത്തത്. എന്നാൽ 186 പേർ ആദ്യ ദിവസം തന്നെ മത്സരത്തിൽ നിന്ന് പിന്മാറി. 33 മണിക്കൂറും 9 മിനിറ്റും കഴിഞ്ഞപ്പോൾ മൂന്ന് പേർ മാത്രമാണ് ബാക്കിയായത്. ഇവരോട് കൈകളും കാലുകളും ഉയർത്താൻ സംഘാടകർ ആവശ്യപ്പെട്ടു. ഇങ്ങനെ തുടർച്ചയായി കിടക്കാൻ പറഞ്ഞു. ഫൈനൽ റൗണ്ടിലെ ഈ വെല്ലുവിളിയും അതിജീവിച്ചാണ് 23കാരൻ സമ്മാനം നേടിയത്.

സമ്മാനം നേടിയവരുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല. ഇവരുടെ ചിത്രം മാത്രമാണ് പുറത്തുവന്നത്. ഒന്നാം സ്ഥാനക്കാരന് 3000 യുവാൻ, രണ്ടാമതെത്തിയാൽ 2000 യുവാൻ, മൂന്നാം സ്ഥാനക്കാരന് 1000 യുവാൻ എന്നിങ്ങനെയായിരുന്നു സമ്മാനം. മത്സരം തത്സമയം സമൂഹമാധ്യമം വഴി ചൈനയിൽ സംപ്രേഷണം ചെയ്തിരുന്നു. ഒരു കോടി ആളുകളാണ് ഇത് കണ്ടത്. 80 ലക്ഷത്തോളം പേർ കമൻ്റും ചെയ്തിരുന്നു.