എത്യോപ്യയിലെ ഒമോ താഴ്‌വരയിൽ വസിക്കുന്ന മുർസി ഗോത്രം, സ്ത്രീകൾ അണിയുന്ന ലിപ് പ്ലേറ്റുകൾ കൊണ്ട് ലോകശ്രദ്ധ നേടുന്നു. പെൺകുട്ടികൾ യൗവ്വനത്തിലെത്തുമ്പോഴാണ് ഈ ആചാരം ആരംഭിക്കുന്നത്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ എത്യോപ്യയിൽ സ്ഥിതി ചെയ്യുന്ന ഒമോ താഴ്‌വര ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ആദിവാസി സംസ്കാരങ്ങൾ സംരക്ഷിച്ചിരിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. ഈ താഴ്‌വരയിൽ താമസിക്കുന്ന മുർസി ഗോത്രം അവരുടെ വ്യത്യസ്തമായ ജീവിതശൈലിയും ആചാരങ്ങളും കൊണ്ട് ലോകമൊട്ടാകെ ശ്രദ്ധ നേടുന്നു.

മുർസി ഗോത്രത്തെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് സ്ത്രീകളുടെ ചുണ്ടിൽ ഇടുന്ന ലിപ് പ്ലേറ്റ് തന്നെയാണ്. മണ്ണിലോ മരത്തിലോ നിർമ്മിച്ച ഈ വൃത്താകൃതിയിലുള്ള പ്ലേറ്റുകൾ, മുർസി സ്ത്രീകളുടെ സാംസ്കാരിക തിരിച്ചറിയലിന്റെ ഏറ്റവും ശക്തമായ അടയാളമാണ്. പെൺകുട്ടികൾ യൗവ്വനത്തിലെത്തുമ്പോൾ ആരംഭിക്കുന്ന ഈ ആചാരം, വർഷങ്ങളായി ക്രമാതീതമായി വികസിപ്പിച്ചെടുക്കുന്നതാണ്.

മുർസി സമൂഹത്തിൽ ലിപ് പ്ലേറ്റ് ഒരു സൗന്ദര്യ ചിഹ്നവും പാരമ്പര്യത്തിന്റെ ഭാഗവുമാണ്. ഓരോ സ്ത്രീയും അവരുടെ ഇഷ്ടത്തിനും കുടുംബപരമ്പരയ്ക്കുമനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലുള്ള പ്ലേറ്റുകൾ ഉപയോഗിക്കുന്നു. ഈ അലങ്കാരം അവിടുത്തെ സാമൂഹിക ഘടനയുമായി ചേർന്നുനിൽക്കുന്നതാണ്. വിവാഹചടങ്ങുകൾ, ഉത്സവങ്ങൾ, ഗോത്രാഘോഷങ്ങൾ തുടങ്ങിയ അവസരങ്ങളിൽ ഇത് കൂടുതൽ പ്രാധാന്യം നേടുന്നു. 

ഒന്നാമതായി ലിപ് പ്ലേറ്റുകൾ ഒരു സൗന്ദര്യ ചിഹ്നമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഭർത്താവിന് ഭക്ഷണം വിളമ്പുമ്പോൾ ഈ ഗോത്ര സമൂഹത്തിലെ സ്ത്രീകൾ ഇത് ധരിക്കുന്നു. സ്ത്രീയുടെ പുരുഷനോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായാണ് ഇത് കരുതപ്പെടുന്നത്. അതിനാൽ തന്നെ, ഭർത്താവിന്റെ മരണശേഷം ഇവര്‍ ലിപ് പ്ലേറ്റ് നീക്കം ചെയ്യപ്പെടുന്നു.

ലിപ് പ്ലേറ്റിനൊപ്പം, മുർസി ഗോത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ശരീര അലങ്കാരങ്ങൾ. മണ്ണ്, ചുണ്ണാമ്പ്, ചാരം എന്നിവ ഉപയോഗിച്ച് ശരീരത്തിൽ വരയ്ക്കുന്ന ഡിസൈനുകൾ അവരുടെ പ്രകൃതിയോടുള്ള അടുപ്പം വ്യക്തമാക്കുന്നു. പുരുഷന്മാർക്കിടയിൽ ഡോങ്കാ സ്റ്റിക്ക് ഫൈറ്റിംഗ് എന്ന പരമ്പരാഗത മത്സരം ഇന്നും നിലനിൽക്കുന്നുണ്ട്.

ഇന്ന് മുർസി ഗോത്രത്തിന്റെ ജീവിതത്തിലേക്ക് ടൂറിസം കടന്നുവരുന്നുണ്ടെങ്കിലും, അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും ശക്തമായി നിലനിൽക്കുന്നു. സന്ദർശകർക്ക് ഫോട്ടോഗ്രഫിക്ക് മുൻപ് അനുമതി തേടേണ്ടതും, അവരുടെ സ്വകാര്യത ബഹുമാനിക്കേണ്ടതും നിർബന്ധമാണ്. ഗോത്രത്തിന്റെ സംസ്കാരത്തെ കൗതുകമായി മാത്രം കാണാതെ, ഒരു ജീവിക്കുന്ന പൈതൃകമായി കാണണമെന്നതാണ് പ്രാദേശികരുടെ അഭ്യർത്ഥന.

ആധുനിക ലോകത്തിന്റെയും പാരമ്പര്യത്തിന്റെയും അതിരിൽ നിലകൊള്ളുന്ന മുർസി ഗോത്രം, യാത്രികർക്ക് നൽകുന്നത് ഒരു സാധാരണ യാത്രാനുഭവമല്ല, മനുഷ്യ സംസ്കാരത്തിന്റെ വൈവിധ്യം നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ്. ഒമോ താഴ്‌വര സന്ദർശിക്കുന്നവർക്ക്, മുർസി ഗോത്രം ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കും.