നിലവിലെ നാല് പ്രവിശ്യകളെ വിഭജിച്ച് പുതിയവ രൂപീകരിക്കാൻ പാകിസ്ഥാൻ സർക്കാർ പദ്ധതിയിടുന്നു. ഈ നീക്കത്തെ ചില സഖ്യകക്ഷികൾ പിന്തുണയ്ക്കുമ്പോൾ, സിന്ധ് പ്രവിശ്യയുടെ വിഭജനത്തെച്ചൊല്ലി ശക്തമായ രാഷ്ട്രീയ എതിർപ്പുകളുണ്ട്. 

ഇസ്ലാമാബാദ്: 'വിഭജനം' എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പാകിസ്ഥാന്‍റെ ഓർമ്മയിൽ ആദ്യം വരുന്നത് 1971-ൽ കിഴക്കൻ പ്രവിശ്യയെ (കിഴക്കൻ പാകിസ്ഥാൻ) നഷ്ടപ്പെട്ട സംഭവമാണ്. എന്നാൽ ഇന്ന് പാകിസ്ഥാനിൽ ചർച്ചയാകുന്ന വിഭജനം ഭരണപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. നിലവിലെ പാകിസ്ഥാൻ ഭരണകൂടം ഈ വിഭജന നീക്കം സജീവമായി പിന്തുടരുകയാണ്. ചെറിയ പ്രവിശ്യകൾ തീർച്ചയായും സൃഷ്ടിക്കപ്പെടും എന്ന് പാകിസ്ഥാൻ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് മന്ത്രി അബ്‍ദുൾ അലീം ഖാൻ ഞായറാഴ്ച പറഞ്ഞു. ഈ നീക്കം ഭരണം മെച്ചപ്പെടുത്താനും സേവനങ്ങൾ കാര്യക്ഷമമാക്കാനും സഹായിക്കുമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, പാകിസ്ഥാനിൽ കൂടുതൽ പ്രവിശ്യകൾ രൂപീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പുതിയ പ്രവിശ്യകൾ രൂപീകരിക്കുന്നു

ഫീൽഡ് മാർഷൽ ആസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ സഖ്യസർക്കാർ ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ (കെപി) എന്നീ പ്രവിശ്യകളിൽ നിന്നുള്ള ശക്തമായ സ്വാതന്ത്ര്യവാദം ഉൾപ്പെടെയുള്ള കടുത്ത എതിർപ്പുകൾ നേരിടുന്നതിനിടെയാണ് ഈ ഭരണപരമായ വിഭജന നീക്കം വരുന്നത്. ഭരണപരമായ നിയന്ത്രണം ശക്തിപ്പെടുത്താനും പൗരന്മാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും ഈ നീക്കം സഹായിക്കുമെന്ന് ഇസ്തെഹ്കാം-ഇ-പാകിസ്ഥാൻ പാർട്ടി നേതാവ് കൂടിയായ അബ്‍ദുൾ അലീം ഖാൻ പറഞ്ഞു. നിലവിലുള്ള സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ (KP) എന്നീ ഓരോ പ്രവിശ്യകളിൽ നിന്നും മൂന്ന് പ്രവിശ്യകൾ വീതം സൃഷ്ടിക്കാനാണ് പദ്ധതി. പാകിസ്ഥാന് ചുറ്റുമുള്ള എല്ലാ അയൽരാജ്യങ്ങൾക്കും നിരവധി ചെറിയ പ്രവിശ്യകളുണ്ടെന്നും ഖാൻ കൂട്ടിച്ചേർത്തു.

രാഷ്ട്രീയ വെല്ലുവിളികൾ

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സിവിലിയൻ സർക്കാരിന്‍റെ ഭാഗമാണ് അബ്‍ദുൾ അലീം ഖാന്‍റഫെ പാർട്ടിയായ ഐപിപി എങ്കിലും, ഈ സർക്കാരിലെ ഒരു പ്രധാന കക്ഷിയായ ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) സിന്ധ് പ്രവിശ്യയുടെ വിഭജനത്തെ പരമ്പരാഗതമായി എതിർക്കുന്ന പാർട്ടിയാണ്. സിന്ധ് പ്രവിശ്യയെ വിഭജിക്കാനോ മൂന്നായി തിരിക്കാനോ ഉള്ള ഒരു നീക്കവും തങ്ങളുടെ പാർട്ടി അംഗീകരിക്കില്ലെന്ന് സിന്ധ് മുഖ്യമന്ത്രിയും പിപിപി നേതാവുമായ മുറാദ് അലി ഷാ നവംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

എങ്കിലും, ഷെരീഫ് സഖ്യകക്ഷികളായ ഐഐപി, സിന്ധ് ആസ്ഥാനമായുള്ള മുത്തഹിദ ഖൗമി മൂവ്‌മെന്‍റ്-പാകിസ്ഥാൻ (MQM-P) എന്നിവയുൾപ്പെടെ നിരവധി പാർട്ടികളും ഇത്തവണ ഈ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നു. പുതിയ പ്രവിശ്യകൾക്കായി ഭരണഘടനാ ഭേദഗതിയിലൂടെ ശ്രമിക്കുമെന്ന് മുത്തഹിദ ഖൗമി മൂവ്‌മെന്‍റ്-പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്.

വിദഗ്ധരുടെ മുന്നറിയിപ്പ്

പാകിസ്ഥാൻ ബ്യൂറോക്രാറ്റും മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് അക്തർ അലി ഷാ ഉൾപ്പെടെയുള്ള വിദഗ്ധർ ഈ നിർദ്ദേശത്തിന് ശ്രദ്ധാപൂർവമായ ഭരണഘടനാപരവും ചരിത്രപരവുമായ അവലോകനം ആവശ്യമാണെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർത്ഥ പ്രശ്നങ്ങൾ ദുർബലമായ സ്ഥാപനങ്ങളിലും, നിയമം നടപ്പിലാക്കുന്നതിലെ അസമത്വത്തിലും, മോശം പ്രാദേശിക ഭരണത്തിലുമാണ് നിലകൊള്ളുന്നത്. ഈ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാതെ പുതിയ പ്രവിശ്യകൾ സൃഷ്ടിക്കുന്നത് അസമത്വങ്ങൾ വഷളാക്കാൻ സാധ്യതയുണ്ടെന്ന് അവർ വാദിക്കുന്നു.

പാകിസ്ഥാൻ നേരിടുന്ന പ്രധാന പ്രശ്നം പ്രവിശ്യകളുടെ എണ്ണമല്ല, മറിച്ച് ഭരണത്തിലെ വിടവുകളാണ്. ദുർബലമായ സ്ഥാപനങ്ങൾ, നിയമനിർവ്വഹണത്തിലെ അസമത്വം, ഉത്തരവാദിത്തമില്ലായ്മ എന്നിവ സേവനം നൽകാനുള്ള ഭരണകൂടത്തിന്‍റെ ശേഷി ഇല്ലാതാക്കി. പ്രവിശ്യകൾ വർദ്ധിപ്പിക്കുന്നത് ഈ അടിസ്ഥാനപരമായ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കില്ല. വാസ്തവത്തിൽ ഇത് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കിയേക്കാമെന്ന് സയ്യിദ് അക്തർ അലി ഷാ ദി എക്‌സ്‌പ്രസ് ട്രിബ്യൂണിൽ എഴുതി.

പ്രാദേശിക തലത്തിലേക്ക് അധികാര വികേന്ദ്രീകരണം നടത്താത്തതാണ് വലിയ പ്രവിശ്യകളെക്കാൾ വലിയ പ്രശ്നമെന്ന് പിൾഡാറ്റ് തിങ്ക് ടാങ്ക് പ്രസിഡന്‍റ് അഹമ്മദ് ബിലാൽ മെഹബൂബ് അഭിപ്രായപ്പെട്ടു. നിലവിലുള്ള ഭരണ വിഭാഗങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതിലും ഭരണഘടന അനുശാസിക്കുന്ന പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദഗ്ധർ പറയുന്നു.