സോള്‍: പ്രശസ്ത ദക്ഷിണ കൊറിയന്‍ നടൻ ചാ ഇൻഹായെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സോളിലെ വീട്ടിലാണ് ഇരുപത്തിയെഴുകാരനായ ചാ ഇൻഹായെ ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചാ മരിച്ചവിവരം അദ്ദേഹത്തിന്റെ ഏജൻസിയായ ഫാന്റി​ഗോ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. നടന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. ദ ബാങ്കർ, ലവ് വിത്ത് ഫ്ലോസ് എന്നീ കൊറിയൻ സീരിയലുകളിലൂടെയാണ് ചാ ഇൻഹാ ആരാധകരുടെ പ്രിയതാരമായി മാറിയത്. ആർ യു ഹ്യൂമൻ, ടൂ? ഡിഗ്രി ഓഫ് ലവ്, വോക്ക് ഓഫ് ലവ്, മിസ് ഇൻഡിപെൻഡന്റ് ജി യുൻ 2 എന്നിവയാണ് ചാ അഭിനയിച്ച മറ്റ് കൊറിയൻ സീരീസുകൾ.

കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊറിയയിലെ മൂന്നാമത്തെ സെലിബ്രിറ്റിയെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. നേരത്തെ പ്രശസ്ത കൊറിയന്‍ പോപ് ഗായികമാരായ ഗൂ ഹാര (28), സുല്ലി (25) എന്നിവരെ സോളിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. നവംബർ 24നാണ് സോളിലെ ഗന്നം ചിയോങ്ദാമിലെ വീട്ടിൽ ഗൂ ഹാരയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 14നാണ് കൊറിയന്‍ പോപ് ഗായികയും നടിയുമായ സുല്ലിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുഹൃത്തുക്കളായ ഇരുവരുടെയും മരണം ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.

Read More: കൊറിയന്‍ പോപ് ​ഗായികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇതോടെ, കൊറിയൻ ചലച്ചിത്ര-ടെലിവിഷൻ-സം​ഗീത രം​ഗത്തെ താരങ്ങൾക്കിടയിൽ വിഷാദരോ​ഗം വർദ്ധിച്ചിവരുന്നുവെന്ന് വാർത്തകളാണ് പുറത്തുവരുന്നത്. കൊറിയൻ എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രീയിലെ നടീനടൻമാരിലും ​ഗായകരിലും നല്ലൊരു ശതമാനം പേരും വിഷാദരോഗത്തിന്റെ അടിമകളായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇൻഡസ്ട്രീയിൽനിന്നു നേരിടുന്ന പീഡനങ്ങൾ തുറന്നുപറയാതെ സഹിക്കുന്നതാണ് വിഷാദരോ​ഗത്തിന് അടിമപ്പെടാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.   

Read More: കൊറിയന്‍ പോപ് ഗായികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി