പരിശീലനത്തിന് ക്രിക്കറ്റ് ബോളുകൾ എറിയാൻ ഉപയോഗിക്കുന്ന വാംഗറിൽ നിന്നുള്ള പന്താണ് 17കാരന്റെ ജീവനെടുത്തത്.
മെൽബൺ: പരിശീലനത്തിനിടെ ക്രിക്കറ്റ് ബോൾ കൊണ്ടുള്ള പ്രഹരം. 17കാരന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ മെൽബണിലാണ് 17കാരൻ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ടത്. ബെൻ ഓസ്റ്റിൻ എന്ന 17കാരനാണ് മരിച്ചത്. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ ഹെൽമറ്റ് ധരിച്ചിരുന്ന 17കാരൻ നെക്ക് ഗാർഡ് ധരിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം മെൽബണിലെ ഫെർൻട്രീ ഗല്ലിയിലെ നെറ്റ്സ് പരിശീലനത്തിനിടയിലാണ് സംഭവം. പരിശീലനത്തിന് ക്രിക്കറ്റ് ബോളുകൾ എറിയാൻ ഉപയോഗിക്കുന്ന വാംഗറിൽ നിന്നുള്ള പന്താണ് 17കാരന്റെ ജീവനെടുത്തത്. ഗുരുതരാവസ്ഥയിൽ ആണ് 17കാരനെ ആശുപത്രിയിലേക്ക് എത്തിച്ചത്. വെൻറിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞ 17കാരൻ വ്യാഴാഴ്ച ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. മകന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമായിരുന്നു ക്രിക്കറ്റ് എന്നാണ് മാതാപിതാക്കൾ 17കാരന്റെ മരണത്തിൽ പ്രതികരിച്ചത്. അപകടം സംഭവിച്ച സമയത്ത് 17കാരന് പന്തെറിഞ്ഞ് നൽകിയ സഹ കളിക്കാരനും പിന്തുണ നൽകുമെന്നാണ് കുടുംബം പ്രതികരിക്കുന്നത്. പത്ത് വർഷം മുൻപ് ഫിലിപ്പ് ജോയൽ ഹ്യൂസിന് നേരിട്ടതിന് സമാനമായ അപകടമാണ് 17കാരനും സംഭവിച്ചത്. 17കാരന്റെ കഴുത്തിലാണ് ക്രിക്കറ്റ് ബോൾ പതിച്ചത്.
2014ലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായിരുന്ന ഫിലിപ്പ് ഹ്യൂസ് മത്സരത്തിനിടെ ബാറ്റ് ചെയ്യുമ്പോൾ കഴുത്തിൽ ബോൾ കൊണ്ട് മരണപ്പെട്ടത്. ഈ അപകടം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കളിക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രൊട്ടക്ടീവ് ഗിയറുകളിലും മാറ്റം വന്നിരുന്നു. മെൽബണിലെ അണ്ടർ 18 ടീമുകളിലെ മികച്ച കളിക്കാരനും ക്യാപ്റ്റനുമാണ് മരിച്ച 17കാരൻ. ഫെർൻട്രീ ഗല്ലി ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയായിരുന്നു 17കാരൻ കളിച്ചിരുന്നത്. ഇതിനോടകം നൂറിലേറ ക്രിക്കറ്റ് ടൂർണമെന്റുകളിൽ 17കാരൻ ഭാഗമായിരുന്നു. ക്രിക്കറ്റിനൊപ്പം മികച്ച ഫുട്ബോളർ കൂടിയായിരുന്നു ബെൻ ഓസ്റ്റിൻ.
എന്താണ് വാംഗർ
ക്രിക്കറ്റ് പരിശീലകരും കളിക്കാരും ഉപയോഗിക്കുന്ന സൈഡ് ആം ബോൾ ത്രോവറിനെയാണ് വാംഗർ എന്ന് വിളിക്കുന്നത്. വളർത്തുനായകളെ കളിപ്പിക്കാനായി ഉപയോഗിക്കുന്ന വാംഗറിനോട് സമാനതയുള്ള ഉപകരണമാണ് ഇത്. ഇതിന്റെ മുൻഭാഗത്ത് ഒരു ക്രിക്കറ്റ് പന്ത് വയ്ക്കാനാവുന്ന തലത്തിലുള്ള മാറ്റം ക്രിക്കറ്റ് പരിശീലനത്തിനുള്ള വാംഗറിലുണ്ട്. പ്രായമേറിയ കളിക്കാൻ പ്രായം കുറഞ്ഞവർക്ക് പരിശീലനം നൽകാനാണ് വാംഗർ സാധാരണമായി ഉപയോഗിക്കുന്നത്. മണിക്കൂറിൽ 88 കിലോമീറ്റർ വേഗം മുതൽ മണിക്കൂറിൽ 136 കിലോമീറ്റർ വരെ വേഗത്തിൽ വാഗറിന്റെ സഹായത്തോടെ ബോൾ എറിയാൻ സാധിക്കും. പരിശീലകരുടെ തോളുകൾക്ക് പരിക്കുകളുണ്ടാവുന്നത് കുറയ്ക്കാനാണ് വാംഗറുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. അനായാസമായി പരിശീലനം നൽകുന്നവർക്ക് ബോളുകൾ എറിഞ്ഞ് നൽകാനാവുമെന്നതിനാൽ നിരവധിപ്പേരാണ് പരിശീലന സമയത്ത് വാംഗറിന്റെ സഹായം തേടുന്നത്. ബൗളിംഗ് മെഷീനേക്കാളും വളരേയേറെ വിലക്കുറവാണ് വാംഗറിന് എന്നതും പരിശീലകരെ ഇതിലേക്ക് ആകർഷിക്കാറുണ്ട്. ബോളറുടെ സ്ഥിരം ശൈലിയെ അതേപടി നിർത്താനും വാംഗർ സഹായിക്കും. എന്നാൽ അമിത വേഗതയിൽ ബോൾ തെറ്റായ സ്ഥലത്ത് വച്ച് റിലീസ് ചെയ്യുന്നത് അപകട സാധ്യത ഉള്ളതാണ്.


