മുത്തങ്ങ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എകെ ആന്‍റണി. ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതി അനുമതി നൽകി. സുരേഷ് ഗോപിയുടെ വെല്ലുവിളി, പ്രധാനമന്ത്രിയുടെ പിറന്നാൾ എന്നിവയാണ് ഇന്നത്തെ പ്രധാന വാർത്തകൾ

'മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദം, ആദിവാസികളെ ചുട്ടുകരിച്ചെന്ന് എല്ലാവരും പഴിച്ചു, മാറാട് സംഭവത്തിലും ദുഃഖമുണ്ട്': എകെ ആന്‍റണി

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്‍റണി. 21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തില്‍ നിന്ന് പിൻവാങ്ങിയതാണെന്നും ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതല്ലെന്നു ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയെന്നും എ കെ ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവിച്ചിരുന്നാൽ നിയമസഭാ തെരഞ്ഞെടുപ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ മറുപടി പറയേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം 1995 ൽ ശിവഗിരിയിൽ നടന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നുവെന്നും നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും എകെ ആന്‍റണി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

സര്‍ക്കാരിന് ആശ്വാസം; ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി

ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് മന്ത്രി വിഎൻ വാസവൻ; ‘5000ത്തിലധികം പേർ രജിസ്റ്റർ ചെയ്തു’

ആഗോള അയ്യപ്പ സംഗമത്തിൽ നിലവിൽ 5000ത്തിലധികം പേർ രജിസ്റ്റർ ചെയ്തുവെന്ന് മന്ത്രി വി എൻ വാസവൻ. പ്രതിനിധികളുടെ എണ്ണം മുൻഗണനാക്രമത്തിൽ 3000 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും ശബരിമല മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. മാസ്റ്റർ പ്ലാൻ നിർദ്ദേശങ്ങൾ ആഗോള അയ്യപ്പ സംഗമത്തിൽ ചർച്ചയാകും. ഭാവി വികസനത്തിനു വേണ്ടിയുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയാണ് പ്രധാന ലക്ഷ്യം. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചുവെന്നും പശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്വർണ്ണപാളി: 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ, തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോയോളം കുറഞ്ഞു, അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്ന് കോടതി ചോദിച്ചു.സ്വർണ്ണം അടക്കം പൂശിയ പാളിയുടെ ഭാരത്തിലെ ചേർച്ചക്കുറവ് എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോർട്ട് നൽകാൻ തിരുവിതാംകൂർ ദേവസ്വത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർക്ക് നിർദ്ദേശം നൽകി.

ആരോഗ്യ മന്ത്രി ഇരുട്ടില്‍ തപ്പുന്നെന്ന് പ്രതിപക്ഷം, തിരിച്ചടിച്ച് വീണ ജോര്‍ജ്; അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി

സംസ്ഥാനത്ത് ആശങ്ക ഉയർത്തിക്കൊണ്ട് പടരുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തില്‍ മറുപടി പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 12 മണി മുതലാണ് ചർച്ച ആരംഭിച്ചത്. പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചർച്ചക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആരോഗ്യ വകുപ്പിനെതിരെയും സര്‍ക്കാര്‍ നയങ്ങൾക്കെതിരെയും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ആരോപണങ്ങൾക്കും വിമര്‍ശനങ്ങൾക്കും വീണ ജോര്‍ജ് മറുപടി പറഞ്ഞു.

ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് 2 മരണം; കെട്ടിട നിർമാണത്തിനിടെ മണ്ണെടുക്കുന്നതിനിടെ അപകടം

ഇടുക്കി ചിത്തിരപുരത്ത് റിസോർട്ടിന്‍റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. ടാർപോളിൻ ഉപയോഗിച്ച് മുകൾ ഭാഗം മറിച്ചിരുന്നു. ഇതിന്‍റെ താഴെ നിന്നുമാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേർന്നാണ് മണ്ണ് മാറ്റി മൃതദേഹങ്ങൾ പുറത്തെടുത്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. റവന്യൂ വകുപ്പിൻറെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് നിർമ്മാണം നടത്തിയിരുന്നത്.

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമത്തിലായിരുന്നു. 2007 വരെ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പായി പ്രവർത്തിച്ച അദ്ദേഹം തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പുമാണ്. ഭൗതിക ദേഹം ജൂബിലി മിഷൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബിഷപ്പ് ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും.

'വീട് പണിയാൻ ഇറങ്ങിയവര്‍ കരുവന്നൂരിൽ പണം കൊടുക്കാൻ കൗണ്ടര്‍ തുടങ്ങട്ടെ'; സിപിഎമ്മിനെ വെല്ലുവിളിച്ച് സുരേഷ്‍ഗോപി

ഇരിങ്ങാലക്കുടയിലെ കലുങ്ക് സൗഹൃദ സംവാദത്തിൽ വെച്ച് സിപിഎമ്മിനെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സുരേഷ്‍ഗോപി. വീട് പണിയാൻ ഇറങ്ങിയവര്‍ കരുവന്നൂരില്‍ പണം കൊടുക്കാൻ കൗണ്ടര്‍ തുടങ്ങട്ടെയെന്ന് സുരേഷ്‍ഗോപി പറഞ്ഞു. കൊച്ചു വേലായുധന് വീട് നിര്‍മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച സിപിഎം കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കണമെന്നും അതിനായി കരുവന്നൂരിൽ ഒരു കൗണ്ടര്‍ തുടങ്ങട്ടെയെന്നും സുരേഷ്‍ഗോപി വെല്ലുവിളിച്ചു. സിപിഎം പാര്‍ട്ടി സെക്രട്ടറിമാര്‍ ഇറങ്ങി കരുവന്നൂരിൽ കൗണ്ടര്‍ തുടങ്ങണം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദറിനെ പോലുള്ളവർ കരുവന്നൂരിലെ നിക്ഷേപകരെ കാണുന്നില്ലേയെന്നും കരുവന്നൂരിലെ കാശ് മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്നും സുരേഷ്‍ഗോപി പറഞ്ഞു.

ടിക് ടോക് ഉടമസ്ഥാവകാശ കൈമാറ്റം; അമേരിക്കയും ചൈനയും തമ്മില്‍ ധാരണ, അമേരിക്കൻ കമ്പനികൾക്ക് കൈമാറും

ടിക് ടോകിന്‍റെ ഉടമസ്ഥാവകാശം കൈമാറുന്ന കാര്യത്തിൽ അമേരിക്കയും ചൈനയും തമ്മില്‍ ധാരണയായെന്ന് ചൈനീസ് ഭാഗത്ത് നിന്നും സ്ഥിരീകരണം. അമേരിക്കയിലെ ടിക് ടോക്ക് ആപ്പും, ഡാറ്റയും, അനുബന്ധ സാങ്കേതിക വിദ്യയും വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കൻ കമ്പനികൾക്ക് കൈമാറും. ഏതൊക്കെ കമ്പനികൾക്കാണ് ആപ്പ് ഉടമസ്ഥാവകാശം കൈമാറുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

മോദിക്ക് ഇന്ന് 75-ാം പിറന്നാൾ; ആശംസകളുമായി ലോക നേതാക്കൾ, നേരിട്ട് വിളിച്ച് ട്രംപ്, യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ലോക നേതാക്കൾ മോദി ആശംസ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ നേര്‍ന്നു. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു. റിട്ടയർമെന്റ് ചർച്ചകൾ മറികടന്ന് പാർട്ടിയിലും സർക്കാരിലും പൂർവാധികം ശക്തിയോടെയാണ് മോദി 75 വയസ് പൂർത്തിയാക്കുന്നത്. നിർണായക സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മോദിയല്ലാതെ മറ്റൊരു നേതാവിനെയും പകരം വയ്ക്കാൻ ബിജെപിക്കില്ല എന്നതും ശ്രദ്ധേയമാണ്.