യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ  സന്ദര്‍ശനത്തിനിടെയാണ്, ജമ്മുകശ്മീര്‍ നിയന്ത്രണങ്ങളില്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷണര്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും നിയന്ത്രങ്ങള്‍ നീക്കണമെന്നും ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കമ്മീഷണര്‍ ആവശ്യപ്പെട്ടു. 

ദില്ലി: ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബച്‍ലെറ്റ് ആവശ്യപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ സന്ദര്‍ശനത്തിനിടെയാണ്, ജമ്മുകശ്മീര്‍ നിയന്ത്രണങ്ങളില്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷണര്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും നിയന്ത്രങ്ങള്‍ നീക്കണമെന്നും ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കമ്മീഷണര്‍ ആവശ്യപ്പെട്ടു. 

പുനസംഘടനയ്ക്ക് ശേഷമിതാദ്യമായാണ് ഒരു വിദേശ പ്രതിനിധി സംഘത്തിന് കശ്മീര്‍ സന്ദര്‍ശനാനുമതി നല്‍കിയത്. യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളായ 27 പേരില്‍ ഭൂരിപക്ഷവും തീവ്ര വലതുപക്ഷ നിലപാടുള്ള എംപിമാരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നേരെ നടന്ന ഗ്രെനേഡ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് സന്ദര്‍ശനം. ജമ്മുകശ്മീരിലെത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗങ്ങള്‍ ജനപ്രതിനിധികളുമായും നാട്ടുകാരുമായും കൂടിക്കാഴ്ച നടത്തി.

ഇന്ത്യന്‍ എംപിമാർക്ക് വിലക്കുള്ളപ്പോൾ വിദേശ സംഘത്തിന് സന്ദർശനാനുമതി നല്കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാരെ തടഞ്ഞ് യൂറോപ്യന്‍ പ്രതിനിധികള്‍ക്ക് അനുമതി നല്‍കിയത് ഇന്ത്യന്‍ പാര്‍ലമെന്‍റിനോടുള്ള അനാദരവാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ വിനോദ സഞ്ചാര പാക്കേജാണിതെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. 

കശ്മീരില്‍ യൂറോപ്യന്‍ എംപിമാര്‍ക്ക് വിനോദസന്ദര്‍ശനത്തിനും ഇടപെടലുകള്‍ക്കും അനുമതിയുണ്ട്. പക്ഷേ, ഇന്ത്യന്‍ എംപിമാരെയും നേതാക്കളെയും കശ്മീര്‍ വിമാനത്താവളത്തില്‍ നിന്നു തന്നെ തിരിച്ചയച്ചു. ഇതാണ് വിചിത്രവും അതുല്യവുമായ ദേശീയത, പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. വിദേശ എംപിമാരുടെ സന്ദര്‍ശനത്തിന് പിന്നാലെ സിപിഐമ്മും സിപിഐയും ഇന്ത്യക്കാരുടെ യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Read Also: യൂറോപ്യന്‍ എംപിമാരുടെ സംഘം കശ്മീരിലെത്തി; പ്രതിഷേധിച്ച് കോണ്‍ഗ്രസ്, 'അതുല്യമായ ദേശീയത' എന്ന് പ്രിയങ്കാ ഗാന്ധി

കശ്മീർ വിഷയത്തിൽ യൂറോപ്യൻ പാർലമെന്‍റില്‍ നേരത്തെ പ്രത്യേക ചർച്ച നടന്നിരുന്നു. വിദേശപ്രതിനിധികളെ അനുവദിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ ഹൗസ് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഔദ്യോഗിക പ്രതിനിധി സംഘമല്ല ഇന്ത്യയിലെത്തിയിരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ അംബാസഡർ വ്യക്തമാക്കി.

Read Also: ഭീകരവാദത്തോട് സഹിഷ്ണുതയില്ലെന്ന് പ്രധാനമന്ത്രി; യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി കശ്മീരില്‍...

പ്രതിപക്ഷ വിമർശനം ക്രിയാത്മകമല്ലെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു. ചിലര്‍ കാര്യങ്ങളെ നെഗറ്റീവായി കാണുകയാണെന്നാണ് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞത്. ജമ്മുകശ്മീരില്‍ മനുഷ്യാവകാശം ഹനിക്കുന്നുവെന്ന പാകിസ്ഥാൻറെയും രാജ്യാന്തര മാധ്യമങ്ങളുടെയും പ്രചാരണം ചെറുക്കാനാണ് കേന്ദ്രസ‍ർക്കാരിന്‍റെ നീക്കമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. 

Read Also: കശ്‍മീര്‍ സന്ദര്‍ശനത്തിനെത്തിയ 27 അംഗ അന്താരാഷ്ട്രസംഘത്തില്‍ 22 പേരും വലതുപക്ഷ രാഷ്ട്രീയനേതാക്കള്‍?