വടക്ക് കിഴക്കൻ സിറിയയിലെ ഹസക്കയുടെ വടക്കൻ മേഖലയിലെ അൽ ദാർബാസിയായിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ആക്രമണം നടന്നതായാണ് അവകാശവാദം

ഹസക്ക: സിറിയയിലെ ഹസക്കയിലെ അമേരിക്കയുടെ സൈനിക ബേസിന് നേരെ മിസൈൽ ആക്രമണം നടന്നുവെന്ന അവകാശവാദവുമായി ഇറാൻ മാധ്യമങ്ങൾ. വടക്ക് കിഴക്കൻ സിറിയയിലെ ഹസക്കയുടെ വടക്കൻ മേഖലയിലെ അൽ ദാർബാസിയായിലെ അമേരിക്കൻ സൈനിക താവളത്തിന് സമീപത്തായി തിരിച്ചറിയാത്ത മിസൈലുകളുടെ സാന്നിധ്യം ഞായറാഴ്ച രാത്രിയുണ്ടായെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത ദിശയിൽ നിന്ന് എത്തിയ മിസൈലുകൾ രാത്രിയിൽ വന്നതിനാൽ കാണാൻ കഴിഞ്ഞുവെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൈനിക താവളത്തിൽ പതിക്കുന്നതിന് മുൻപായി മിസൈലുകൾ നിർവീര്യമാക്കപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോ‍ർട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. എന്നാൽ മിസൈൽ ആക്രമണം സംബന്ധിച്ച് യുഎസ് സെൻട്രൽ കമാൻഡോ, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സോ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇറാനാണ് അമേരിക്കൻ സൈനിക ബേസ് ആക്രമിച്ചതെന്നാണ് മെഹ‍ർ ആൻഡ് ഫാർസ് ന്യൂസ് ഏജൻസി റിപ്പോ‍ർട്ട് ചെയ്യുന്നത്.

നേരത്തെ ഏപ്രിൽ മാസത്തിൽ അമേരിക്കൻ സൈനികരെ താവളത്തിൽ നിന്ന് പിൻവലിച്ചതായി വാർത്തകൾ വന്നിരുന്നു. അതേസമയം അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം നടന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇറാൻ്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ എവിൻ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇറേനിയൻ സ്റ്റേറ്റ് പ്രക്ഷേപണ നിലയത്തിന്‍റെയും ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം