അമേരിക്കൻ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയിൽ രോഷം ഉയരുന്നതിനിടെ ഇറാനെ പഴിച്ച് ട്രംപ്. ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ട്രംപിൻ്റെ വാദം. 

വാഷിങ്ടൺ: അമേരിക്കൻ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ രോഷം ഉയരുന്നതിനിടെ, ഇന്ത്യൻ കപ്പലുകൾക്കെതിരായ ആക്രമണത്തിൽ ഇറാനെ പഴിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽനിന്ന് പുറപ്പെട്ട ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം തികച്ചും അസ്വീകാര്യമാണ്. അവർ എത്രയും വേഗം തങ്ങളുടെ രീതികൾ മാറ്റുന്നതാണ് നല്ലതെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഫേക്ക് ന്യൂസിന് ഇറാൻ ചോർത്തി നൽകിയ നിബന്ധനകൾക്ക്, രേഖാമൂലം അംഗീകരിച്ച നിബന്ധനകളുമായി യാതൊരു ബന്ധവുമില്ല. ഒരു കരാറിൽ എത്തിയെന്ന അവരുടെ ദുർബലവും ദയനീയവുമായ പ്രസ്താവന ഉൾപ്പെടെ അവർ പറഞ്ഞതൊന്നും സത്യമല്ല. ഇടപാടുകൾ നടത്താൻ ഒട്ടും അന്തസ്സില്ലാത്ത ആളുകളാണിവർ. അവരുമായി ഒരു കാര്യത്തിലും വിശ്വാസ്യത പ്രതീക്ഷിക്കാനാവില്ല. അത്ഭുതം തന്നെ. കൂടാതെ, ഹോർമുസ് കടലിടുക്കിൽനിന്ന് പുറപ്പെട്ട ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇന്നലെ രാത്രി അവർ നടത്തിയതും എന്നാൽ പൂർണമായും പരാജയപ്പെടുത്തിയതുമായ ഡ്രോൺ ആക്രമണം അംഗീകരിക്കാൻ കഴിയില്ല. അവർ എത്രയും വേഗം തങ്ങളുടെ രീതികൾ മാറ്റുന്നതാണ് നല്ലത്"- ട്രംപ് പറഞ്ഞു.

അമേരിക്കൻ ആക്രമണത്തിൽ പ്രതിഷേധമറിയിക്കാനായി കേന്ദ്ര സർക്കാർ ഉന്നത യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ പോസ്റ്റ്. അതേസമയം ഇന്ത്യൻ നാവികരുടെ മരണവുമായി ബന്ധപ്പെട്ട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗൾഫ് ഓഫ് ഒമാനിൽ ഇന്ത്യൻ ക്രൂ അംഗങ്ങളുള്ള കപ്പലുകൾക്ക് നേരെയുള്ള അമേരിക്കൻ സൈന്യത്തിൻ്റെ ആക്രമണം തുടരുകയാണ്. അമേരിക്കൻ ആക്രമണത്തിൽ പലാവു പതാകയേന്തിയ 'സെറ്റബെല്ലോ' എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന രണ്ട് കപ്പലുകൾ കൂടി അമേരിക്ക ആക്രമിച്ചിരുന്നു. ജൂൺ എട്ടിന് 24 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന 'മാരിവെക്സ്' എന്ന പലാവു പതാകയുള്ള കപ്പലാണ് യുഎസ് സൈന്യം തകർത്തത്. കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. 20 ഇന്ത്യൻ ജീവനക്കാർ ഉണ്ടായിരുന്ന ഗിനിയ-ബിസാവു പതാകയേന്തിയ ജൽവീർ എന്ന കപ്പലിന് നേരെയും വ്യാഴാഴ്ച ആക്രമണമുണ്ടായി. അതേസമയം വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ ഇന്ത്യൻ പതാകയുള്ളതോ ആയ കപ്പലുകൾ കടന്നുപോയതായി ഷിപ്പിങ് മന്ത്രാലയമോ കപ്പൽ ട്രാക്കറുകളോ വ്യക്തമാക്കിയിട്ടില്ല.