പന്നിയിറച്ചി, മദ്യം, ലോട്ടറി ടിക്കറ്റുകൾ എന്നിവ വിൽക്കുന്നതുമായി ബന്ധപ്പെട്ട വിവാദ വീഡിയോയെ തുടർന്ന് ടെക്സാസിൽ ശരിയത്ത് നിയമം നിരോധിച്ചു ഗവർണർ ഗ്രെഗ് ആബട്ട്. 

ടെക്സാസ്: പന്നിയിറച്ചി, മദ്യം, ലോട്ടറി ടിക്കറ്റുകൾ എന്നിവ വിൽക്കുന്നതുമായി ബന്ധപ്പെട്ട വിവാദ വീഡിയോയെ തുടർന്ന്, ടെക്സാസിൽ ശരിയത്ത് നിയമം നിരോധിച്ചുകൊണ്ട് ഗവർണർ ഗ്രെഗ് ആബട്ട് ഉത്തരവിട്ടു. ചൊവ്വാഴ്ചയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. "ടെക്സാസിൽ ശരിയത്ത് നിയമവും ശരിയത്ത് കോമ്പൗണ്ടുകളും നിരോധിച്ചുകൊണ്ടുള്ള നിയമങ്ങളിൽ ഞാൻ ഒപ്പുവെച്ചു. ഒരു ബിസിനസിനോ വ്യക്തിക്കോ ഇത്തരം വിഡ്ഢികളെ ഭയപ്പെടേണ്ടതില്ല" ആബട്ട് പ്രസ്താവനയിൽ പറഞ്ഞു. ശരിയത്ത് നിയമം അടിച്ചേൽപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് ഉടൻ തന്നെ പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളെയോ ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയെയോ അറിയിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

വിവാദത്തിന് കാരണമായ വീഡിയോ

മസ്ജിദ് അറ്റ് തൗഹിദിലെ ഇമാം എഫ് ഖാസിം ഇബ്ൻ അലി ഖാൻ ഒരു കടയുടമയുമായി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇസ്ലാമിക നിയമമനുസരിച്ച് നിഷിദ്ധമായ സാധനങ്ങൾ വിൽക്കുന്നുവെന്ന് അദ്ദേഹം കടയുടമയെ കുറ്റപ്പെടുത്തി. ഇതൊരു പ്രചാരണത്തിന്റെ തുടക്കമാണ് എന്ന് ഖാൻ വീഡിയോയിൽ പറയുന്നു. മുസ്ലീം ഉടമസ്ഥതയിലുള്ള ബിസിനസുകളിൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഖാൻ ഒരു ക്യാമ്പയിൻ ആരംഭിക്കുകയും, ഇത് പാലിക്കാത്ത പക്ഷം ബഹിഷ്കരണം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

വിമർശനവും നിയമസാധുതയും

ആബട്ടിന്‍റെ ഈ നീക്കത്തെ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് (കെയർ) വിമർശിച്ചു. ഇത് അനാവശ്യ ഭയം പരത്തുന്നതാണെന്ന് അവർ ആരോപിച്ചു. യഹൂദ നിയമമായ 'ഹലാച്ച'യോടും കത്തോലിക്കാ സഭയിലെ 'കാനോൻ നിയമ'ത്തോടും താരതമ്യപ്പെടുത്താവുന്നതാണ് ശരിയത്ത് എന്ന് കെയർ വിശദീകരിച്ചു. എങ്കിലും, ഏത് നിയമമാണ് ഈ നിരോധനത്തിനായി ഉപയോഗിച്ചതെന്ന് ആബട്ട് വ്യക്തമാക്കിയിട്ടില്ല. 2017ൽ, ഇസ്ലാമിക നിയമം ഉൾപ്പെടെയുള്ള വിദേശ നിയമങ്ങൾ സംസ്ഥാന കോടതികളിൽ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് അദ്ദേഹം ഒരു ബില്ലിൽ ഒപ്പുവെച്ചിരുന്നു.