ടി20 ലോകകപ്പിന് തൊട്ടുമുമ്പ് യുഎസ്എ ക്രിക്കറ്റിനെ ഞെട്ടിച്ച് മുൻ നായകൻ ആരോൺ ജോൺസിന്‍റെ സസ്പെൻഷൻ. ഒത്തുകളി ആരോപണങ്ങളെത്തുടർന്ന് ഐസിസി താരത്തെ ക്രിക്കറ്റിൽ നിന്ന് താൽക്കാലികമായി വിലക്കിയത്.

ദുബായ്: ടി20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ഒത്തുകളി ആരോപണത്തില്‍ അമേരിക്കന്‍ താരം ആരോണ്‍ ജോണ്‍സിന് വിലക്ക് ഏര്‍പ്പെടുത്തി ഐസിസി. അടുത്തമാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി അമേരിക്കൻ ടീം ശ്രീലങ്കയിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഐസിസിയുടെ കടുത്ത നടപടി. 2024ലെ ടി20 ലോകകപ്പില്‍ അമേരിക്കന്‍ ടീമിന്‍റെ നായകനായിരുന്നു ആരോണ്‍ ജോണ്‍സ്.

ഐസിസിയുടെയും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്‍റെയും അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനാണ് ആരോണ്‍ ജോണ്‍സിനെതിരായ ഐസിസി നടപടി. 2023-24 സീസണിലെ 'ബിം 10' ടൂർണമെന്‍റുമായി ബന്ധപ്പെട്ടാണ് ആരോണ്‍ ജോൺസിനെതിരെ ഒത്തുകളി ആരോപണങ്ങൾ ഉയര്‍ന്നത്. മത്സരഫലത്തെ സ്വാധീനിക്കാൻ ശ്രമിച്ചു, ഒത്തുകളി സംഘങ്ങൾ സമീപിച്ച വിവരം അധികൃതരെ അറിയിച്ചില്ല, അന്വേഷണവുമായി സഹകരിച്ചില്ല തുടങ്ങിയ അഞ്ച് കുറ്റങ്ങളാണ് ജോൺസിനെതിരെ ചുമത്തിയിരിക്കുന്നത്.

ജനുവരി 28 മുതൽ നിലവിൽ വന്ന വിലക്കിനെത്തുടർന്ന് താരത്തിന് ഒരു തരത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളിലും പങ്കെടുക്കാനാവില്ല. 14 ദിവസത്തിനകം ആരോപണങ്ങൾക്ക് മറുപടി നൽകണം. ഇതൊരു വലിയ അന്വേഷണത്തിന്റെ ഭാഗം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾക്കെതിരെ നടപടി ഉണ്ടായേക്കാമെന്നും ഐസിസി വക്താവ് വ്യക്തമാക്കി.

അമേരിക്കക്ക് വൻ തിരിച്ചടി

2024 ടി20 ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് യുഎസ്എ സൂപ്പർ 8 ലേക്ക് മുന്നേറി ചരിത്രം തിരുത്തിയപ്പോള്‍ ടീമിനെ നയിച്ചിരുന്നത് ജോൺസായിരുന്നു. കാനഡയ്ക്കെതിരെ 40 പന്തിൽ 94 റൺസ് നേടിയ പ്രകടനം ജോണ്‍സിനെ ആരാധക ശ്രദ്ധയിൽ എത്തിച്ചിരുന്നു. ലോകകപ്പ് ടീമിൽ വൈസ് ക്യാപ്റ്റനാകുമെന്ന് കരുതിയിരുന്ന താരം പുറത്തായത് ടീമിന്‍റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. 

31-കാരനായ ആരോൺ ജോൺസ് അമേരിക്കയ്ക്കായി 52 ഏകദിനങ്ങളും 48 ടി20കളും ഉൾപ്പെടെ നൂറോളം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഇതിനുപുറമെ, അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിൽ സിയാറ്റിൽ ഓർക്കാസിനായും, കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് ലൂസിയ കിംഗ്‌സിനായും ജോണ്‍സ് കളിക്കുന്നുണ്ട്. 2024-ൽ സെന്‍റ് ലൂസിയ കിംഗ്‌സ് സി.പി.എൽ കിരീടം ചൂടിയ ഫൈനലിൽ ടീമിന്‍റെ ടോപ് സ്കോററും ജോൺസ് ആയിരുന്നു. 2025 നവംബറിൽ നടന്ന അബുദാബി ടി10 ലീഗിലാണ് അദ്ദേഹം അവസാനമായി കളത്തിലിറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക