ചൈനയിൽ പത്ത് ദിവസം മാത്രം പ്രായമുള്ള ഒരു ആട്ടിൻകുട്ടി, ആരെങ്കിലും തൊടാൻ ശ്രമിച്ചാൽ ചത്തതുപോലെ അഭിനയിച്ച് സോഷ്യൽ മീഡിയയിൽ താരമായി. 'ഡ്രാമ ക്വീൻ ലാംബ്' എന്ന് വിളിപ്പേര് ലഭിച്ച ഈ ആട്ടിൻകുട്ടിയുടെ വീഡിയോ വൈറലായയി. 

ബീജിംഗ്: സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത് ഏറെ കൗതുകകരമായ ഒരു വീഡിയോയാണ്. പത്ത് ദിവസം മാത്രം പ്രായമുള്ളൊരു കുട്ടി ചെമ്മരിയാടാണ് താരം. ചൈനയിലെ നിങ്‌സിയ പ്രവിശ്യയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ആരെങ്കിലും ഒന്ന് തൊടാൻ ചെന്നാൽ ഉടൻ തറയിൽ വീണ് ചത്തതുപോലെ അഭിനയിക്കുന്ന ഈ പത്തുദിവസം പ്രായമുള്ള ആട്ടിൻകുട്ടിയെ നെറ്റിസൺസ് സ്നേഹത്തോടെ "ഡ്രാമ ക്വീൻ ലാംബ്" എന്നാണ് വിളിക്കുന്നത്.

കർഷകനായ ജിൻ സിയാവോലിൻ തന്റെ നാല് ആട്ടിൻകുട്ടികളെ വിൽക്കാനായി ചന്തയിൽ കൊണ്ടുപോയപ്പോഴാണ് ഈ കൗതുകകരമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന മൂന്ന് ആടുകളെയും ആളുകൾ വാങ്ങി. എന്നാൽ നാലാമത്തെ ആട്ടിൻകുട്ടിയെ ആരെങ്കിലും ഒന്ന് തൊടാൻ നോക്കിയാൽ അത് പെട്ടെന്ന് തളർന്നുവീഴുകയും ശ്വാസമില്ലാത്തതുപോലെ കിടക്കുകയും ചെയ്യും. ഇതിന് അസുഖമാണെന്ന് കരുതി ആരും വാങ്ങാൻ തയ്യാറായില്ല. എന്നാൽ ആളുകൾ മാറിനിന്നാൽ ഉടൻ ഇത് എഴുന്നേറ്റ് സാധാരണപോലെ നടക്കും. കുട്ടികളോട് മാത്രമാണ് ഈ ആട്ടിൻകുട്ടി അല്പം സൗഹൃദം കാണിക്കുന്നത്.

സോഷ്യൽ മീഡിയയിൽ തരംഗം

ആട്ടിൻകുട്ടിയുടെ ഈ 'അഭിനയം' ജിൻന്റെ ബന്ധു വീഡിയോ എടുത്ത് ഓൺലൈനിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. ഒരു കോടിയിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ആട്ടിൻകുട്ടിയുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട ഒരാൾ അതിനെ വാങ്ങാനായി 1,30,000 യുവാൻ (ഏകദേശം 19 ലക്ഷം രൂപ) വാഗ്ദാനം ചെയ്തു. എന്നാൽ തന്റെ പ്രിയപ്പെട്ട ആടിനെ വിൽക്കാൻ ജിൻ തയ്യാറായില്ല.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്‍റുകള്‍ പങ്കുവെച്ചത്. "ഇതൊരു ജനിച്ചുവീണ നടനാണ്, ഓസ്കാർ വരെ കിട്ടാൻ യോഗ്യതയുണ്ട്" എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ആടിനെ വിൽക്കുന്നതാണ് നല്ലതെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഇത്രയും വലിയ തുക മുടക്കി ആടിനെ വാങ്ങുന്നവർ അതിനെ കൊല്ലാൻ സാധ്യതയില്ലെന്നും മറിച്ച് മികച്ച രീതിയിൽ നോക്കുമെന്നും അവർ വാദിക്കുന്നു. എന്നാൽ ജിൻ തന്റെ ആടിനെ വിൽക്കാതെ സംരക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആടിനെ കാണാൻ ദിവസവും നിരവധി ആളുകളാണ് ജിന്നിന്റെ വീട്ടിലേക്ക് എത്തുന്നത്.

View post on Instagram