തിരുവനന്തപുരം: എൽഡിഎഫ് വിരുദ്ധ എൻഎസ്എസ് നിലപാടിനെ ഭയക്കുന്നില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ മുന്നണി ഇത് മറികടക്കുമെന്നും കണ്‍വീനർ എ വിജയരാഘവൻ. ബിഡിജെഎസിനെ ഇടത് മുന്നണിയിലേക്ക് എത്തിക്കാൻ ആലോചനയില്ലെന്നും വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടതുമുന്നണി വിപുലീകരണം ആലോചയിലില്ലെന്നും വിജയരാഘൻ വ്യക്തമാക്കി.

എ വിജയരാഘവന്റെ വാക്കുകൾ

'എൻഎസ്എസിന്റെ നിലപാട് എൽഡിഎഫിന്റെ സാധ്യതയെ മങ്ങലേൽപ്പിക്കാൻ പോകുന്നില്ല. കാരണം അവരുടെ നിലപാടുമായി ബന്ധപ്പെട്ടല്ല ഇടതുപക്ഷത്തിന്റെ ജയപരാജയങ്ങൾ നിശ്ചയിക്കാൻ പോകുന്നത്. സർക്കാരിന് ഇതിൽ വലിയ ആശങ്ക ഒന്നുമില്ല. ഇത്തരം നിലപാടുകൾ അവർ സ്വീകരിക്കുമ്പോൾ അതിനെയും മുറിച്ച് കടക്കാനുള്ള തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നുള്ളതാണ് സാധാരണ നിലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ചെയ്യു. അതുകൊണ്ട് ഭയപ്പെട്ടിട്ടല്ല ഞങ്ങൾ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഇപ്പോൾ ഇടത് ജനാധിപത്യ മുന്നണിയുടെ വിപുലീകരണം ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. സ്ഥിരമായി ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നവരാണ് കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വം'-  എ വിജയരാഘവൻ പറഞ്ഞു.

എൻഎസ്എസ് ശത്രുപക്ഷത്തല്ലെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ബിജെപി നേതൃത്വം ഒഴിഞ്ഞുമാറിയപ്പോൾ എൻഎസ്എസ് നിലപാടിനെ കോൺഗ്രസ് നേതൃത്വം സ്വാഗതം ചെയ്തു.

ജി.സുകുമാരൻ നായരുടെ വിജയദശമി സന്ദേശമാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തെ ഇപ്പോൾ ചൂട് പിടിപ്പിക്കുന്നത്. വിശ്വാസ പ്രശ്നത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിക്കുന്ന എൻഎസ്എസ് കേന്ദ്ര സംസ്ഥാന സർക്കാരുകളെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ഉപതെരഞ്ഞെടുപ്പിൽ ശരിദൂരം കണ്ടെത്തണമെന്ന സുകുമാരൻനായരുടെ ആഹ്വാനം തിരിച്ചടിയാകാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു സിപിഎ‌മ്മിന്റെ പ്രതികരണം. 

Read More: ശബരിമല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചു; 'ശരിദൂര'ത്തിന് ആഹ്വാനം ചെയ്ത് എന്‍എസ്എസിന്‍റെ വിമര്‍ശനം

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെന്നപോലെ എൻഎസ്എസ് വീണ്ടും ശബരിമലയിൽ കടുപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് നേതൃത്വം. എന്‍എസ്എസിന്‍റെ ശരിദൂരം നിലപാട് യു‍ഡിഎഫിന് അനുകൂലമെന്നായിരുന്നു കെ മുരളീധരന്‍ എംപി പറഞ്ഞത്. കോന്നിയിൽ മാത്രമല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Read Also: 'സുരേന്ദ്രന്‍ മത്സരിക്കുന്നത് വിശ്വാസികളെ വഞ്ചിക്കാന്‍'; എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമെന്നും കെ മുരളീധരന്‍