കൊച്ചി:അരൂരിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി ഇടതുമുന്നണിയിലും, വോട്ട് ചോർച്ച എൻഡിഎയിലും ചൂടേറിയ ചർച്ചയാകും. പരമ്പാരാഗത ഇടതു കോട്ടകളിൽ പോലും തിരിച്ചടിയുണ്ടായതിന്‍റെ ഞെട്ടലിലാണ് സിപിഎം. കഴി‌ഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറര ശതമാനം വോട്ടാണ് എൻഡിഎയ്ക്ക് കുറഞ്ഞത്. ഇതേചൊല്ലി ബിജെപി-ബിഡിജെഎസ് തർക്കവും രൂക്ഷമാകും.

കൊല്ലങ്ങളായി ചുവപ്പ് കോട്ടയായിരുന്ന അരൂർ കൈവിട്ടതിന്‍റെ ഞെട്ടലിലാണ് എൽഡിഎഫ്. സിപിഎം ശക്തികേന്ദ്രങ്ങളിൽ പോലും യുഡിഎഫ് ലീഡ് നേടിയത് കണ്ടു നിൽക്കാനെ ഇടതു മുന്നണിക്ക് കഴിഞ്ഞുള്ളൂ. ഇടത് ശക്തികേന്ദ്രങ്ങളായ പാണാവള്ളി, പെരുമ്പളം, പള്ളിപ്പുറം പഞ്ചായത്തുകളിൽ ദയനീയ പ്രകടനം ആണ് എൽഡിഎഫ് കാഴ്ച വച്ചത്.

Read More: ഉപതെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്: അരൂരിലെ തിരിച്ചടി

ലീഡ് പ്രതീക്ഷിച്ചിരുന്ന തുറവൂരിലും വലിയ തിരിച്ചടി നേരിട്ടു. ജില്ലയിലെ മൂന്ന് മന്ത്രിമാരും പ്രധാന നേതാക്കളും അടക്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിട്ടും ഫലമുണ്ടായില്ല. താഴെ തട്ടിൽ നേതാക്കൾക്കിടെയിലെ അനൈക്യം, പൂതനാ പരാമർശം അടക്കമുള്ള വിവാദവും ഉൾപ്പെടെ തിരിച്ചടിക്ക് കാരണമായതെല്ലാം ഇഴകീറി പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം.

Read More: വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം പാളി: ജാതി നോക്കാതെ വോട്ടു കുത്തി അരൂർ

ഒപ്പമുണ്ടെന്ന് ബിഡിജെഎസ് ആവർത്തിച്ചിട്ടും എൻഡിഎ വോട്ടുകളിൽ ചോർച്ചയുണ്ടായി. നി‌ർണായകമായ ഈഴവവോട്ടുകൾ നേടാൻ കഴിയാതെ പോയതും ബിജെപിക്ക് ദോഷമായി. ബിജെപി വോട്ട് മറിച്ചെന്ന ആരോപണം സിപിഎം ഉന്നയിക്കുമ്പോൾ ബിഡിജെഎസ് വോട്ടുകളെ ചൊല്ലി അത് കൊണ്ട് തന്നെ എൻഡിഎയിൽ കലഹം മൂക്കും.

Read More: കാത്തിരുന്ന് കാത്തിരുന്ന് ഒടുവിലൊരു വിജയം, ഇടത് കോട്ട തകർത്ത് ഷാനിമോൾ

വട്ടിയൂർക്കാവ് വിജയത്തിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് തുഷാർ വെള്ളാപ്പള്ളിയുടേതായി വന്ന ഫേസ്ബുക്ക് പോസ്റ്റും ബിജെപി നേതാക്കളിൽ അതൃപ്തി ഇരട്ടിയാക്കുന്നു.