Asianet News MalayalamAsianet News Malayalam

'കോന്നിയിലേത് കാലുവാരല്‍'; അടൂര്‍ പ്രകാശിനെതിരെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം

നേരത്തെ തന്നെ അടൂർ പ്രകാശ് പക്ഷവുമായി ഇടഞ്ഞ് നിന്നിരുന്ന ഡിസിസിയിലെ പ്രബല വിഭാഗം തോൽവി ആയുധമാക്കാനുള്ള ഒരുക്കത്തിലാണ്.കോന്നിയിലെ  തോൽവി വരും ദിവസങ്ങളിൽ  പാർട്ടിക്കകത്ത് കൂടുതൽ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും.

congress dcc leadership against adoor prakash on konni by election defeat
Author
Konni, First Published Oct 24, 2019, 6:50 PM IST

പത്തനംതിട്ട: കോന്നിയിൽ കോൺഗ്രസ്സിന്‍റെ തിരിച്ചടിക്ക് ഇടയാക്കിയത് പാര്‍ട്ടിക്കുള്ളിലെ കാലുവാരലെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ വിലയിരുത്തൽ.  അടൂർ പ്രകാശ് അനുകൂലികളുടെ നിസ്സഹകരണം കൂടിയായപ്പോൾ കോൺഗ്രസ്സിന് ജില്ലയിൽ ഉണ്ടായിരുന്ന ഒരേ ഒരു സീറ്റാണ് നഷ്ടമായത്.തോൽവി സംബന്ധിച്ച് പാർട്ടി  പരിശോധിക്കണമെന്ന് സ്ഥാനാർത്ഥി പി മോഹൻരാജ് ആവശ്യപ്പെട്ടു.

അടൂർ പ്രകാശിന് ഇരുപതിനായിരത്തിലേറെ ഭൂരിപക്ഷം ലഭിച്ച നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ്സ്  ഇത്തവണ കാഴ്ചവച്ചത് ദയനീയ പ്രകടനമാണ്. ആദ്യ റൗണ്ടില്‍ ഒഴികെ ഒരിക്കൽ പോലും  മുന്നിലെത്താൻ പി മോഹൻരാജിന് കഴിഞ്ഞില്ല .  യുഡിഎഫ് ഭരിക്കുന്ന ആറ് നിന്നും പാർട്ടി  പ്രതീക്ഷിച്ച വോട്ടു ലഭിച്ചില്ല. പ്രമാടം,കോന്നി ഉൾപ്പെടെ നിർണായക സ്വാധീനമുള്ള പഞ്ചായത്തുകളും തുണച്ചില്ല. 

Read Also: കോന്നിയില്‍ അട്ടിമറി: 23 വര്‍ഷത്തിന് ശേഷം മണ്ഡലം തിരികെ പിടിച്ച് ഇടതുപക്ഷം

പ്രമാടത്ത്  നല്ലൊരു ശതമാനം വോട്ടുകളും പോൾ ചെയ്യപ്പെടാതിരുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി. പ്രവർത്തകരുടെ നിസ്സഹകരണത്തിനൊപ്പം കാലുവാരലും നടന്നുവെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. എന്നാൽ ഇതു സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് ഡിസിസി പ്രസിഡന്‍റ് തയ്യാറായില്ല. തോൽവിയെകുറിച്ച് നേതൃത്വം പരിശോധിക്കണമെന്നായിരുന്നു മോഹൻരാജിന്‍റെ പ്രതികരണം.

ഐ ഗ്രൂപ്പിന്‍റെ സീറ്റ് എ  ഗ്രൂപ്പിന് വെച്ചുമാറിയതടക്കം, സ്ഥാനാർത്ഥിത്വം മുതൽ ഉടലെടുത്ത പ്രശ്നങ്ങൾ  തന്നെയാണ് കോൺഗ്രസ്സിന്‍റെ പ്രതീക്ഷകൾ തല്ലികെടുത്തിയത്.അടൂർ പ്രകാശിനെ അനുനയിപ്പിച്ചെന്ന് നേതൃത്വം ആവർത്തിച്ചപ്പോഴും  അസംതൃപ്തി പലഘട്ടത്തിലും മറനീക്കി പുറത്ത് വന്നു. കൊട്ടികലാശത്തിൽ നിന്നടക്കം അടൂർ പ്രകാശ് വിട്ടുനിന്നതും ഇതിന് തെളിവായി. നേരത്തെ തന്നെ അടൂർ പ്രകാശ് പക്ഷവുമായി ഇടഞ്ഞ് നിന്നിരുന്ന ഡിസിസിയിലെ പ്രബല വിഭാഗം തോൽവി ആയുധമാക്കാനുള്ള ഒരുക്കത്തിലാണ്.കോന്നിയിലെ  തോൽവി വരും ദിവസങ്ങളിൽ  പാർട്ടിക്കകത്ത് കൂടുതൽ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും.

Read Also: അന്ന് പദ്മകുമാര്‍, ഇന്ന് ജെനീഷ്‍കുമാര്‍; 1991 ആവര്‍ത്തിച്ച് കോന്നി

ആറ്റിങ്ങലില്‍ നിന്ന് ലോക്സഭാംഗമായതോടെയാണ് അടൂര്‍ പ്രകാശ് കോന്നിയുടെ എംഎല്‍എ സ്ഥാനം രാജിവച്ചത്. തന്‍റെ അടുത്ത അനുയായി ആയ റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു. എന്നാല്‍, എന്‍എസ്എസിന് കൂടി സ്വീകാര്യനായ പി മോഹന്‍രാജിനെ പാര്‍ട്ടി ജില്ലാ നേതൃത്വം തെരഞ്ഞെടുക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പരസ്യമായി പ്രതിഷേധിച്ച് അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു. നല്ലൊരു വിഭാഗം നേതാക്കളും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം പണിപ്പെട്ടാണ് അടൂര്‍ പ്രകാശിനെ അനുനയിപ്പിച്ചത്. എങ്കിലും അടൂര്‍ പ്രകാശോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നില്ല. 


 

Follow Us:
Download App:
  • android
  • ios