തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ വോട്ട് കച്ചവട ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ഒരിടത്തും ആര്‍എസ്എസിന്‍റെ വോട്ട്  എല്‍ഡിഎഫിന് വേണ്ടെന്ന് അദ്ദേഹം പറ‌ഞ്ഞു. നേരത്തെ നടത്തിയിട്ടുള്ള വോട്ട് കച്ചവടങ്ങളുടെ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കോടിയേരി പ്രതികരിച്ചു. എല്‍ഡിഎഫ്-ബിജെപി വോട്ട് കച്ചവടത്തിന്‍റെ ശക്തമായ തെളിവാണ് പാലാ ഫലമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. 

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാദ്യം വോട്ട് കച്ചവടം എടുത്തിടാറുള്ളത് എൽഡിഎഫാണ്. പക്ഷെ ഇത്തവണ ഒരു മുഴം മുമ്പെ എറിഞ്ഞാണ് യുഡിഎഫ് അടവ് നീക്കം നട്തിയത്. മാർക്സിസ്റ്റ്- ബിജെപി ബന്ധം കോൺഗ്രസ് നേതാക്കൾ വിടാതെ ആവർത്തിക്കുമ്പോൾ  പഴയ കോലിബി സഖ്യം അടക്കം ഓർമ്മിപ്പിച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. 

Read Also: എൽഡിഎഫ് - ബിജെപി വോട്ട് കച്ചവടത്തിന് തെളിവുണ്ട്: പിണറായിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി

കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ്- ബിജെപി വോട്ട് കച്ചവടം നടക്കുന്നുവെന്നത് ഇനി പ്രത്യേകം തെളിയിക്കേണ്ടതില്ലെന്നായിരുന്നു രമേശ് ചെന്നിതല പറ‌ഞ്ഞത്. കച്ചവടത്തിൻറെ തെളിവ് തരാനായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഇനിയതിന്‍റെ ആവശ്യമില്ല. പാലായിലെ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ് ഏറ്റവും വലിയ തെളിവ് എന്നും ചെന്നിത്തല പറഞ്ഞു.

Read Also: ബിജെപി-സിപിഎം വോട്ടുകച്ചവടം ആരോപിച്ച് മുല്ലപ്പള്ളി, രാഷ്ട്രീയ ചെറ്റത്തരം സിപിഎം കാണിക്കില്ലെന്ന് പിണറായി

പാലായിൽ ഫലം വരും മുമ്പ് യുഡിഎഫ്-ബിജെപി ബന്ധം വലിയ ചർച്ചയായിരുന്നു. എന്നാൽ മാണി സി കാപ്പൻ വിജയിക്കുകയും ബിജെപിക്ക് വോട്ട കുറയുകയും ചെയ്തതോടെ  യുഡിഎഫ്  വോട്ട് കച്ചവട ആരോപണം എതിരാളികൾക്കെതിരെ പ്രയോഗിക്കുകയായിരുന്നു. ബിജെപി പ്രതീക്ഷ വെക്കുന്ന വട്ടിയൂർകാവിൽ സംസ്ഥാന നേതാക്കൾ സ്ഥാനാർത്ഥിയാകാത്തതും മുതിർന്ന നേതാവ് കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുന്നതും ചേർത്താണ് എല്‍ഡിഎഫിനെതിരെ വോട്ട് കച്ചവട ആരോപണം യുഡിഎഫ് ആവർത്തിക്കുന്നത്. അഞ്ചിടത്തെയും ന്യൂനപക്ഷ വോട്ടുകൾ ഉന്നം വച്ചാണ് യുഡിഎഫിന്‍റെ നീക്കം. 

Read Also: 'മുല്ലപ്പള്ളിയും മുരളീധരനും എന്നാ ബിജെപിയിലോട്ട്?', 'വോട്ട് കച്ചവട'ത്തിൽ ആഞ്ഞടിച്ച് സിപിഎം