ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ

തൃശൂര്‍: അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ച വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഈ സംഭവത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ സെബാസ്റ്റ്യന്‍ (20) എന്നയാളും മരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. മരിച്ചവരുടെ വീട്ടുകള്‍ കലക്ടര്‍ സന്ദര്‍ശിക്കുകയും മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര ധനസഹായമായി നിലവില്‍ അഞ്ച് ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.

മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയും കലക്ടര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവം നടന്ന ഉടന്‍തന്നെ കലക്ടര്‍ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞിരുന്നു. നാട്ടുകാരുടെ പരാതികള്‍ പരിശോധിക്കാന്‍ വനംവകുപ്പുമായി ചേര്‍ന്ന് യോഗം വിളിച്ചുചേര്‍ക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെന്‍സിങ് എന്നിവയുടെ നിര്‍മാണം വേഗത്തില്‍ നടപ്പിലാക്കുവാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്‍റെ പരിഗണനയില്‍ വരേണ്ട വിഷയങ്ങള്‍ കാലതാമസം കൂടാതെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.

Read More:വിദ്യാര്‍ത്ഥികളില്ല, സൗകര്യങ്ങളുമില്ല; മധ്യപ്രദേശില്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന കോളേജുകളിലെ അവസ്ഥയെന്ത് ?

ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പുഴയിലാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കാട്ടാന ആക്രമണത്തില്‍ തുടര്‍ച്ചയായി മൂന്നുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം