Asianet News MalayalamAsianet News Malayalam

ഒടുവിൽ നടപടി;വാളയാർ കേസിൽ ആരോപണവിധേയനായ സിഡബ്ല്യുസി ചെയർമാനെ മാറ്റി

വാളയാർ കേസിൽ സർക്കാരിനെതിരായ പ്രതിഷേധം നിയമസഭക്ക് അകത്തും പുറത്തും ആളിക്കത്തിയതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റി നടപടിയാകുന്നത്.

alleged cwc chairman is replaced by government in walayar case
Author
Trivandrum, First Published Oct 28, 2019, 7:10 PM IST

തിരുവനന്തപുരം: വാളയാർ കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റി. അഡ്വ.രാജേഷിനെതിരെയാണ് നടപടി. കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയർമാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. 

വാളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് സർക്കാരിനെ വലിയ തോതിൽ പ്രതിരോധത്തിൽ ആക്കിയിരുന്നു. പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെ കെ ശൈലജ അടക്കം രംഗത്തെത്തുകയും ചെയ്തു. വാളയാറിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ ബന്ധുക്കളും രാജേഷിനെതിരെ ആരോപണങ്ങൾ കടുപ്പിച്ചിരുന്നു. 

Read More: വാളയാര്‍ കേസ് കോടതിയില്‍ പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് അഡ്വ.എൻ രാജേഷായിരുന്നു. എന്നാൽ വിചാരണ വേളയിൽ ഇദ്ദേഹത്തെ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കി. തുടർന്ന് നടപടി വിവാദമായതോടെ ആണ് രാജേഷ് കേസ് മറ്റ് അഭിഭാഷകർക്ക് കൈമാറിയത്. കേസ് ഒഴിഞ്ഞു എന്ന് രാജേഷ് അറിയിച്ചിരുന്നെങ്കിലും ഇത് ദുരൂഹതകൾ ഉയർത്തി.

Read More: വാളയാര്‍ സംഭവം: അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കും പ്രതികള്‍ക്കും ഒരേ മാനസികാവസ്ഥയെന്ന് എംബി രാജേഷ്

പ്രോസിക്യൂഷന്റെ വാദം മുൻകൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാൻ രാജേഷ് കൂട്ടു നിന്നെന്ന ആരോപണം ആണ് ഇന്ന് നിയമസഭയിൽ അടക്കം സർക്കാരിനെതിരെ ഉയർന്നത്. സംഭവത്തിൽ സർക്കാരിനെതിരായ പ്രതിഷേധം നിയമസഭക്ക് അകത്തും പുറത്തും ആളിക്കത്തിയതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റി ക്കൊണ്ട് സർക്കാർ നടപടിയാകുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജേഷിനെതിരായ നടപടി. 

Read More: വാളയാര്‍ കേസില്‍ നിന്ന് മാറ്റിയത് എന്തിനെന്നറിയില്ല: മുന്‍ സ്‍പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ട‍ർ

കേസിൽ ആഭ്യന്തരവകുപ്പിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച യുവജന സംഘടനകളും രാജേഷിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. നിയമസഭയിൽ വരും ദിവസങ്ങളിലും വാളയാർ സംഭവത്തിൽ പ്രതിഷേധം ഉയരാൻ ആണ് സാധ്യത. സർക്കാരിന് ഈ പ്രതിഷേധങ്ങളെ ചെറുക്കാൻ ഉള്ള താത്കാലിക പിടിവള്ളി ആകും ശിശുക്ഷേമസമിതി ചെയർമാനെതിരായ നടപടി.


Read More: 'വാളയാറിലെ കുഞ്ഞുങ്ങൾക്കായി ജ്വലിക്കട്ടെ പ്രതിഷേധം'; നീതി വേണമെന്ന് വി മുരളീധരന്‍

Follow Us:
Download App:
  • android
  • ios