ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അൻസിബ ഹസൻ

കൊച്ചി: ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അൻസിബ ഹസൻ. എസ്എച്ചഒയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് പരാതി നല്‍കും എന്ന് അൻസിബ വ്യക്തമാക്കി. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ കാര്യക്ഷമമായി അന്വേഷണം നടക്കില്ലെന്നും ഇന്നലെ മൊഴിയെടുക്കാൻ സ്റ്റേഷനിൽ എത്തിയപ്പോൾ മനഃപൂർവം ബുദ്ധിമുട്ടിച്ചെന്നും അൻസിബിയുടെ അഭിഭാഷകൻ പറഞ്ഞു. ഒരു മണിക്കൂർ കാത്തുനിന്ന ശേഷം മൊഴി നൽകാതെ മടങ്ങുകയായിരുന്നു അൻസിബ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് ഇന്നലെ വൈകിട്ട് കടവന്ത്ര സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല. മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഇല്ലാത്തതാണ് കാരണമെന്നാണ് പൊലീസ് നൽകിയ മറുപടി. പൊലീസിന്‍റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അന്‍സിബ പ്രതികരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പുകളിലാണ് ടിനി ടോമിനെതിരെ കേസെടുത്തിരിക്കുന്നത്.

ശ്വേതക്ക് മറുപടി

അതേസമയം അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിയാത്തതിൽ ശ്വേത മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റിനും അൻസിബ മറുപടി പറഞ്ഞിരുന്നു. താൻ രാജിവയ്ക്കരുതെന്ന് മമ്മൂട്ടിയും മോഹൻലാലും വരെ പറഞ്ഞിരുന്നെന്ന ശ്വേതയുടെ വിശദീകരണത്തിൽ വിശ്വാസമില്ലെന്നാണ് അൻസിബ വ്യക്തമാക്കിയത്. അത് മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറയട്ടെ എന്നും അൻസിബ കൂട്ടിച്ചേർത്തു. ടിനി ടോമിനെതിരായ കേസിൽ കടവന്ത്ര സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താനെത്തിയപ്പോഴാണ് അൻസിബ ഇക്കാര്യം വ്യക്തമാക്കിയത്.

YouTube video player