ബിന്ദുവിനെയും പ്രദീപ്കുമാറിനെയും ഇന്നലെ മുതൽ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കൊച്ചി: എറണാകുളം വടക്കൻ പറവൂർ കോട്ടുവള്ളിയിൽ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്. പ്രതികളായ ബിന്ദുവിനെയും ഭർത്താവിനെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പറവൂർ പൊലീസ് അറിയിച്ചു. മരിച്ച ആശയും ബിന്ദുവും തമ്മിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. പൊലീസ് വീഴ്ചയാണ് ആശയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
പറവൂർ കോട്ടുവള്ളി പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ 46 കാരി ആശ ബെന്നിയെ ഇന്നലെയാണ് കോട്ടുവള്ളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശയുടെ ആത്മഹത്യാക്കുറിപ്പിൽ അയൽവാസിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യ ബിന്ദുവിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയെന്നും ഇത് തിരിച്ചു നൽകിയിട്ടും പലിശയും പലിശയ്ക്ക് മേൽ പലിശയും ചോദിച്ചു ഭീഷണിപ്പെടുത്തി എന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലും വീട്ടിലും നടന്ന ഭീഷണിപ്പെടുത്തലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പറവൂർ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തുന്നത്. ഇരുവരെയും ഉടൻ കസ്റ്റഡിയിൽ എടുക്കും.
ആശയ്ക്കും ബിന്ദുവിനും ഇടയിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിൽ വൻ ദുരൂഹതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. 10 ലക്ഷം രൂപ വരെ ആശ കൈകാര്യം ചെയ്തിട്ടും ഭർത്താവ് പോലും അതറിഞ്ഞിരുന്നില്ല. ബിന്ദു നൽകിയ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കും. തനിക്ക് ലഭിച്ച പണം ആശ എങ്ങനെ വിനിയോഗിച്ചു എന്നും അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും ദുരൂഹ സാമ്പത്തിക ഇടപാടുകളിൽ ഈ പണം ആശ നിക്ഷേപിച്ചോ എന്ന ബലമായ സംശയത്തിലാണ് അന്വേഷണ സംഘം. ബിന്ദുവിന് അപ്പുറം കൂടുതൽ ആളുകളിൽനിന്ന് ആശ പണം കടം വാങ്ങിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വഴി ചുരുങ്ങിയ തുകയുടെ ഇടപാട് മാത്രമാണ് നടന്നത്. ബാക്കിയെല്ലാം പണമായിട്ട് തന്നെയാണ് നൽകിയതെന്ന് പൊലീസ് അറിയിച്ചു. അതിനിടെ പൊലീസ് വീഴ്ചയാണ് ആശയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് പോലും ഭീഷണിപ്പെടുത്തിയിട്ടും പ്രദീപിനെതിരെ നടപടി എടുത്തിട്ടില്ലെന്ന് ആശയുടെ ബന്ധു അനീഷ് പറയുന്നു. ആശയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
2018ലെ വരാപ്പുഴ ഉരുട്ടിക്കൊലക്കേസുമായി ബന്ധപ്പെട്ടാണ് അന്ന് പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളോട് പൊലീസ് ഡ്രൈവറായിരുന്ന പ്രദീപ് കൈക്കൂലി ചോദിച്ചതും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നടപടി നേരിട്ടതും. കേസിനെ തുടർന്ന് പ്രദീപിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിട്ടില്ല. കേസ് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും.



