പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തനിക്കെതിരെ കണ്ടെത്തലുകളൊന്നുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും  സൈബി ജോസ് കോടതിയിൽ പറഞ്ഞു.  

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന പരാതിയിൽ അഭിഭാഷകനായ സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സൈബിയ്ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കോടതിയെ അറിയിച്ചു. എന്നാൽ പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തനിക്കെതിരെ കണ്ടെത്തലുകളൊന്നുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സൈബി ജോസ് കോടതിയിൽ പറഞ്ഞു.

പരാതിയ്ക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെ എന്ന് വ്യക്തമാക്കിയ കോടതി, കേസിൽ എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ സൈബി ജോസിന് നിർദ്ദേശം നൽകി. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് സെബി കോടതിയെ അറിയിച്ചു. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കൊച്ചി സെൻട്രൽ പൊലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. ഐപിസി 420, അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഹൈക്കോടതി രജിസ്ട്രാറർ ജനറൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉൾപ്പെടുന്നതിനാലാണ് സൈബി ജോസിനെതിരായ വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതൽ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

YouTube video player

എന്നാല്‍, ജഡ്ജിമാരുടെ പേരില്‍ പണം വാങ്ങിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് സൈബി പറയുന്നത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ വീടിനടുത്ത് താമസിക്കുന്ന വ്യക്തിയാണ്. വ്യക്തിവിദ്വേഷം മാത്രമാണ് ആരോപണത്തിന് പിന്നില്‍. തന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ആരോപണം ഉയര്‍ത്തുന്നത്. താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും സൈബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.