Asianet News MalayalamAsianet News Malayalam

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീവിരുദ്ധ പരാമർശം; സി പി മാത്യുവിനെതിരെ കേസ്

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  രാജി ചന്ദ്രന്റെ പരാതിയിലാണ് ഇടുക്കി പൊലീസ് കേസെടുത്തത്. രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

case against Idukki dcc president CP Mathew over vulgar and abusive remarks against  block panchayat
Author
Idukki, First Published Feb 24, 2022, 1:18 PM IST

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ (Idukki Block Panchayat President) സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റ് (Idukki DCC President )സി പി മാത്യുവിനെതിരെ (CP Mathew) പൊലീസ് കേസെടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  രാജി ചന്ദ്രന്റെ പരാതിയിലാണ് ഇടുക്കി പൊലീസ് കേസെടുത്തത്. രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.

അതേസമയം, തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല.  തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. സിപിഎം എതിരാളികൾക്കെതിരെ പൊലീസിനെക്കൊണ്ട് കള്ളക്കേസ് എടുപ്പിക്കുകയാണ്.  കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സി പി  മാത്യു പ്രതികരിച്ചു. വിവാദ പ്രസംഗത്തിൽ സി പി മാത്യുവിനെതിരെ പരാതി നൽകുമെന്ന് സിപിഐഎമ്മും, രാജി ചന്ദ്രനും പറഞ്ഞിരുന്നു. പിന്നാലെയാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  രാജി ചന്ദ്രന്റെ പരാതി നല്‍കിയത്.

കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎമ്മിൽ ചേർന്ന രാജി ചന്ദ്രനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സിപി മത്യുവിൻ്റെ വിവാദ പരാമർശം. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണ്. കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ട് കാലിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിൽ വരാൻ അനുവദിക്കില്ലെന്ന് ഭീഷണിയും ഉയത്തിയായിരുന്നു സി പി മാത്യുവിൻ്റെ പ്രസംഗം.

കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎമ്മിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ. അടുത്ത കാലത്ത് മൂന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇടുക്കിയിൽ യുഡിഎഫിന് നഷ്ടമായത്. തനിക്കെതിരായ പരാമർശത്തിന് എതിരെ സിപിഎമ്മുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് രാജി ചന്ദ്രൻ പറഞ്ഞു.

Also Read: ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്

നേരത്തെ, ബാര്‍ബര്‍മാരെ അവഹേളിച്ചതിനെ തുടര്‍ന്ന് സി പി മാത്യുവിന് ബാര്‍ബര്‍മാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്നായിരുന്നു ബാര്‍ബേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം. വണ്ടിപ്പെരിയാറിൽ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു സിപി മാത്യുവിന്റെ പരാമര്‍ശം. 'ഞങ്ങളെല്ലാം ചെരയ്ക്കാൻ ഇരിക്കുകയല്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.  ഇതിനെതിരെയാണ് മുടിവെട്ടുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷൻ രംഗത്തെത്തിയത്.

തങ്ങളുടെ തൊഴിലിനെ അവഹേളിക്കുന്നതാണ് സിപി മാത്യുവിന്റെ പരാമര്‍ശമെന്നായിരുന്നു ആരോപണം. എപ്പോഴായാലും എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. ഞങ്ങളുടെ ജോലിയെ മോശമായാണ് അദ്ദേഹം ചിത്രീകരിച്ചത്. ഇത്രയും കാലം അന്തസായാണ് ജോലി ചെയ്യുന്നതെന്നും ബാർബർമാർ പ്രതികരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios