Asianet News MalayalamAsianet News Malayalam

'വി ഡി സതീശൻ അധ്യക്ഷനായ പിഎസിയെ ചെന്നിത്തലയ്ക്ക് വിശ്വാസമില്ലേ?', പരിഹസിച്ച് ഐസക്

'സിഎജി റിപ്പോർട്ടിൽ കേന്ദ്ര ഏജൻസി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പറയുന്നതെന്തിനാണ്? വി ഡി സതീശൻ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് ഇനി റിപ്പോർട്ട് പരിശോധിക്കേണ്ടത്, സതീശനെ ചെന്നിത്തലയ്ക്ക് വിശ്വാസമില്ലേ?', എന്ന് ധനമന്ത്രി. 

chennithala does not believe in the public accounts committee led by vd satheesan says issac
Author
Thiruvananthapuram, First Published Feb 17, 2020, 5:59 PM IST

തിരുവനന്തപുരം: പൊലീസിലെ ഗുരുതരക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോർട്ട് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് എന്തടിസ്ഥാനത്തിലാണ് ചെന്നിത്തല പറയുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. എന്താണ് ഒരു സിഎജി റിപ്പോർട്ട് പുറത്തുവന്നാൽ പിന്നീട് വേണ്ടതെന്തെന്ന് മുമ്പ് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയ്ക്ക് അറിയില്ലേ എന്നും തോമസ് ഐസക് ചോദിച്ചു.

ഒരു സിഎജി റിപ്പോർട്ട് പുറത്തുവന്നാൽ പിന്നീട് അത് പരിഗണിക്കേണ്ടത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ്. അതിന്‍റെ അധ്യക്ഷൻ ചെന്നിത്തലയുടെ സ്വന്തം പാർട്ടിയിലെ നേതാവ് വി ഡി സതീശനാണ്. സതീശന്‍റെ അധ്യക്ഷതയിലുള്ള പബ്ലിക് അക്കൗണ്ട്‍സ് കമ്മിറ്റിയെ വിശ്വാസമില്ലെന്നാണോ ചെന്നിത്തല പറയുന്നത്? ഐസക് ചോദിച്ചു. 

സതീശനേക്കാൾ വിശ്വാസ്യത, അമിത് ഷായുടെ കീഴിലുള്ള കേന്ദ്ര ഏജൻസിക്കാണോ എന്ന് ചെന്നിത്തല തന്നെ മറുപടി പറയട്ടെ എന്നും ഐസക് പറഞ്ഞു. 

ഇതിനിചെ പൊലീസിനെതിരായ സിഎജി റിപ്പോർട്ട് സംബന്ധിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി പരിശോധിച്ച ശേഷം തരുന്ന നിർദ്ദേശങ്ങൾ ഉൾക്കൊളളുമെന്ന് തോമസ് ഐസക് നേരത്തേ വ്യക്തമാക്കിയിരുന്നു. 

ആഭ്യന്തര വകുപ്പിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ ഉള്ള സിഎജി കണ്ടെത്തലുകളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വെടിയുണ്ടകൾ കാണാതായി എന്നത് ഗുരുതര പ്രശ്നമല്ലെന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. ഉദ്യോഗസ്ഥ തലത്തിലെ പ്രശ്നമായി മാത്രം കണ്ടാൽ മതിയെന്നാണ് കോടിയേരി ഇന്നലെ പറ‌ഞ്ഞത്.

എന്നാൽ, സിഎജി കണ്ടെത്തലിൽ ജുഡീഷ്യൽ അന്വേഷണം വരെ പ്രഖ്യാപിച്ച ഭൂതകാലമുള്ള എൽഡിഎഫിന്‍റെ ഈ നയം മാറ്റത്തെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് പ്രതിപക്ഷം. 

സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച്  സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫ് നേതാവ് എം എം ഹസ്സൻ ആവശ്യപ്പെട്ടത്. വിഴിഞ്ഞം പദ്ധതിയിൽ പുറത്തുവന്ന സിഎജി റിപ്പോർട്ടിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തിയ ആളാണ് പിണറായി. അപ്പോൾ ഈ അഴിമതിയിൽ മാത്രം അന്വേഷണം നടത്താൻ പിണറായി എന്തിനാണ് ഭയക്കുന്നത്? ഹസ്സൻ ചോദിക്കുന്നു. 

ഡിജിപി യെ മാറ്റി നിർത്തി അന്വേഷണം വേണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. എകെജി സെൻററിലും കാണാതായ തോക്കുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹസ്സൻ. 

Follow Us:
Download App:
  • android
  • ios