2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരോൺ വി. വർഗീസ് റാന്നി മാർത്തോമാ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്.

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തൽ. ചികിത്സാ പിഴവ് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. മാതാപിതാക്കൾക്ക് പത്തുലക്ഷം രൂപ ധനസഹായം നൽകാനും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. റാന്നി മാർത്തോമാ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം കുട്ടി മരിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്തിയ ശേഷമാണ് കമ്മീഷൻ ഉത്തരവ്.

2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരോൺ വി. വർഗീസ് റാന്നി മാർത്തോമാ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. പിന്നാലെ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലമാണ് കുട്ടി മരിച്ചതെന്നാരോപിച്ച് കുടുംബം രംഗത്ത് വന്നു. കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവ് ബോധ്യപ്പെട്ടുവെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ നിര്‍ദേശം നൽകി. ചികിത്സിച്ച ഡോക്ടർ മറ്റൊരു സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണെന്നും ഇയാളുടെ യോഗ്യതയിലും സംശയമുണ്ടെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.

സ്വകാര്യ ആശുപത്രിക്ക് സഹായമേകാൻ പോസ്റ്റ്മോർട്ടത്തിൽ അട്ടിമറി നടത്തിയെന്നും കമ്മീഷൻ കണ്ടെത്തി. വലതുകൈക്ക് ഒടിവുമായി എത്തിയ വിദ്യാർത്ഥിക്ക് ശരിയായി പരിശോധിക്കാതെ അനസ്തേഷ്യ നൽകിയതാണ് മരണകാരണമെന്നും കമ്മീഷൻ കണ്ടെത്തി. അതേസമയം മകന്‍റെ മരണത്തിൽ നീതി ലഭിക്കാനായി നിയമപോരാട്ടം തുടരുമെന്ന് ആരോണിന്‍റെ കുടുംബം വ്യക്തമാക്കി. ആശുപത്രിയുടെ ചികിത്സ പിഴവ് മറച്ചു വെയ്ക്കാൻ വലിയ അട്ടിമറി നടന്നു. ഒരു കുഴപ്പവും ഇല്ലാതിരുന്ന കുഞ്ഞനിനെയാണ് നഷ്ടപ്പെട്ടത്. നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് ആരോണിന്‍റെ അമ്മ പറഞ്ഞു.