സാധാരണ ചക്കയുടെയും മാങ്ങയുടെയും സീസണിലാണ് ചില്ലിക്കൊമ്പൻ കാടിറങ്ങി നാട്ടിലെത്താറുള്ളത്

പാലക്കാട്: ചില്ലിക്കൊമ്പനെന്ന് നാട്ടുകാർ പേരിട്ട കാട്ടാന നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു. എന്നാൽ നാട്ടുകാരെ ആക്രമിക്കാത്തതിനാൽ നെല്ലിയാമ്പതിക്കാർക്ക് മാത്രമല്ല, ഇവിടെയെത്തുന്ന സഞ്ചാരികൾക്കും ഏറെ പ്രിയങ്കരനാണ് ചില്ലിക്കൊമ്പൻ.

സാധാരണ ചക്കയുടെയും മാങ്ങയുടെയും സീസണിലാണ് ചില്ലിക്കൊമ്പൻ കാടിറങ്ങി നാട്ടിലെത്താറുള്ളത്. വീട്ടുപറമ്പുകളിൽ നിന്നും സർക്കാരിന്റെ ഓറഞ്ച് ഫാമിൽ നിന്നും മതിയാവോളം പഴങ്ങൾ തിന്ന് തേയില തോട്ടത്തിലൂടെ റോന്ത് ചുറ്റി സ്വന്തം കാര്യം നോക്കി നാടുവിടും. 

എന്നാൽ പതിവൊക്കെ തെറ്റിച്ചാണ് ഓഫ് സീസണിലെ കൊമ്പൻ നാട്ടിലേക്ക് ഇറങ്ങിയത്. കഴിഞ്ഞ 10 ദിവസമായി നെല്ലിയാമ്പതിയിലെ തോട്ടങ്ങളിലും തൊഴിലാളികളുടെ പാഡികളുടെ പരിസരത്തും രാപ്പകലില്ലാതെ ചില്ലിക്കൊമ്പനെ കാണുന്നുണ്ട്. നല്ലവനായ ഉണ്ണിയെന്നാണ് അറിയപ്പെടുന്നതെങ്കിലും കൊമ്പനാനയാണെന്നതിനാൽ നാട്ടുകാർക്ക് പേടിയുണ്ട്.