തിരുവനന്തപുരം: ജനങ്ങളോട്  അർപ്പണബോധത്തോടെ പ്രവർത്തിച്ച സഹസാമാജികനായിരുന്നു ചവറ എംഎൽഎ എൻ. വിജയൻ പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ചവറ മേഖലയുടെ വികസനത്തിൽ പ്രത്യേകിച്ചും  നിയമസഭാംഗമെന്ന നിലയിൽ കേരള വികസനത്തിന് പൊതുവിലും വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്.

ജനങ്ങളുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ പൊതു പ്രവർത്തകനായിരുന്നു. രണ്ടു ദശാബ്ദത്തിലേറെ പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച വിജയൻ പിള്ള ആശുപത്രിക്കിടക്കയിലും ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവതൽപ്പരനായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

അച്ഛന്‍റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക്, അവസാന തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം

ഇന്ന് പുലര്‍ച്ചെ അന്തരിച്ച ചവറ എംഎല്‍എ എന്‍. വിജയന്‍ പിള്ളയുടെ മൃതദേഹം  കൊച്ചിയിൽ നിന്ന് അൽപ്പസമയത്തിനകം ചവറയിലേക്ക് കൊണ്ടു പോകും. 11 മണിയോടെ കരുനാഗപ്പള്ളിയിൽ  നിന്ന് വിലാപയാത്ര ആരംഭിക്കും. സിപിഎം ചവറ ഏരിയാ കമ്മിറ്റി ഓഫീസ്, എംഎല്‍എ ഓഫീസ്, ചവറ പഞ്ചായത്ത് എന്നിവടങ്ങളിൽ പൊതുദർശനത്തിന് വെക്കും. പുലര്‍ച്ചെ മൂന്നിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് മാസമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. 

ചവറ എംഎല്‍എ വിജയന്‍ പിള്ള അന്തരിച്ചു