സംസ്ഥാനത്തെ നിർദ്ധനരായ സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും പ്രതിമാസം 1000 രൂപ നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കുന്നു. അർഹരായ എല്ലാവർക്കും മുടക്കം കൂടാതെ പെൻഷൻ ലഭ്യമാക്കാനും തുക വർധിപ്പിക്കാനുമുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്. പത്ത് ലക്ഷത്തിലധികം പേർക്ക് ഇതിനകം ആദ്യ ഗഡു ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ നിർദ്ധനരായ സ്ത്രീകൾക്ക് വലിയൊരു ആശ്വാസമായി നടപ്പിലാക്കിയ 'സ്ത്രീ സുരക്ഷാ പദ്ധതി'യിൽ കഴിഞ്ഞ സർക്കാർ പത്ത് ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കുമാണ് പ്രതിമാസം 1000 രൂപ ധനസഹായം പ്രഖ്യാപിച്ചത്.
2025 നവംബർ ഒന്നിലെ ഉത്തരവ് പ്രകാരമാണ് 'മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി'ക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2026 ഫെബ്രുവരി മാസം 10,18,042 (പത്ത് ലക്ഷത്തിലധികം) ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു പെൻഷൻ തുക ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, പദ്ധതി സർക്കാർ നിലവിൽ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.
അർഹരായ മുഴുവൻ സ്ത്രീകൾക്കും മുടക്കം കൂടാതെ പെൻഷൻ ലഭ്യമാക്കുന്നതിനും തുക വർധിപ്പിക്കുന്നതിനും ഉള്ള തുടർനടപടികൾ സർക്കാരിന്‍റെ പരിഗണനയിലാണ്. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഏറെ ആശ്വാസകരമാകുന്ന ഈ പദ്ധതിയുടെ മുൻപോട്ടുളള പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും പദ്ധതി സർക്കാര്‍ പരിശോധിക്കുകയാണെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരം.


