ആലപ്പുഴ: കായംകുളത്തെ സിപിഎം പ്രാദേശിക നേതാവ് സിയാദിന്‍റെ കൊലപാതകത്തിൽ  അറസ്റ്റിലായ കോൺഗ്രസ് നഗരസഭാ കൗൺസിലർ കാവിൽ നിസാമിന് ജാമ്യം. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതി മുജീബിനെ  രക്ഷപ്പെടാൻ സഹായിച്ചതിനും കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതിനുമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. 

കൊലപാതകത്തിൽ കോൺഗ്രസ്  നേതൃത്വത്തിന് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. എന്നാൽ കായംകുളത്ത് ഗുണ്ടകളെ സഹായിക്കുന്ന സിപിഎം, രക്തസാക്ഷി കൃഷിക്ക് ഇറങ്ങിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് എം. ലിജു മറുപടി നൽകി.

സിയാദിന്‍റെ കൊലപാതകത്തില്‍ കോൺഗ്രസിന് പങ്കില്ല, സിപിഎമ്മിലെ വിഭാഗീയത പരിശോധിക്കണമെന്ന് എം ലിജു.

കോൺഗ്രസ് നഗരസഭാ കൗൺസലിറുടെ അറസ്റ്റോടെ കായംകുളം സിയാദ് വധക്കേസിൽ രാഷ്ട്രീയം ആരോപണങ്ങളും ഉയരുകയാണ്. കൃത്യം നടത്തിയ ശേഷം മുഖ്യപ്രതി  മുജീബ് റഹ്മാൻ വീട്ടിലെത്തിയത് കൗൺസിലറായ നിസാമിന്‍റെ സ്കൂട്ടറിലാണ്. വഴിമധ്യേ കൊലപാതക വിവരം നിസാമിനോട്, മുജീബ് വെളിപ്പെടുത്തിയിരുന്നു. സംഭവം മറച്ചുവെച്ചതിനും പ്രതിയെ സഹായിച്ചതിനുമാണ് അറസ്റ്റ്. 

കോൺഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് സിയാദിനെ വകവരുത്തിയതെന്നാണ് സിപിഎം  ആരോപണം. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് പ്രതിയോഗികളെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.  എന്നാൽ സിപിഎം ആരോപണം പൂർണ്ണമായി തള്ളുകയാണ് കോൺഗ്രസ്.

‘കൊല്ലരുത്, രണ്ട് മക്കളുണ്ടെന്ന് സിയാദ് യാചിച്ചു'; കോണ്‍ഗ്രസ് ക്രിമിനലുകളെ സംരക്ഷിക്കുന്നുവെന്ന് കോടിയേരി
സിയാദ് വധക്കേസിൽ മുഖ്യപ്രതി മുജീബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൃത്യം നടത്തിയ ശേഷം മറ്റൊരു സംഘ‍ർഷത്തിൽ ഏർപ്പെട്ട മുജീബിന് തോളിൽ വെട്ടേറ്റിരുന്നു. അക്രമി സംഘത്തിൽപ്പെട്ട ഫൈസലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൂട്ടുപ്രതികളായ ഷഫീക്ക്, ആഷിക് എന്നിവർക്കായി അന്വേഷണം ഊർജ്ജിതമാക്കി. കായംകുളം എംഎസ്എം കോളേജ് പരിസരത്തെ ഗുണ്ടാവിളയാട്ടം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് സിയാദിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം.