Asianet News MalayalamAsianet News Malayalam

കേരളത്തിലെ കോൺഗ്രസിന് വേണ്ടത് പരിപൂര്‍ണ ഐക്യം, പരിപാടികളിൽ പങ്കെടുക്കാൻ ആർക്കും വിലക്കില്ല : ചെന്നിത്തല 

കേരളത്തിലെ കോൺഗ്രസിന് വേണ്ടത് പരിപൂര്‍ണ ഐക്യമാണ്. എല്ലാവും ഒന്നിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകണം.

Congress in Kerala needs complete unity Says ramesh chennithala
Author
First Published Nov 26, 2022, 9:20 AM IST

കോഴിക്കോട് : പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണം നേതാക്കൾ പരിപാടികളിൽ പങ്കെടുക്കാനെന്ന് രമേശ് ചെന്നിത്തല എംഎൽഎ.  പരിപാടികളിൽ പങ്കെടുക്കുന്നതിൽ ആര്‍ക്കും വിലക്കോ തടസമോയില്ലെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന് വേണ്ടത് പരിപൂര്‍ണ ഐക്യമാണ്. എല്ലാവും ഒന്നിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും തമ്മിൽ അകൽച്ചയിലാണെന്ന പ്രചാരണം തള്ളിയ രമേശ് ചെന്നിത്തല, എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ടെന്നും എല്ലാവ‍ര്‍ക്കും അവരവരുടേതായ പ്രാധാന്യവുമുണ്ടെന്നും വിശദീകരിച്ചു. അഭിപ്രായ വ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ല. ഒറ്റക്കെട്ടായി നേതാക്കൾ മുന്നോട്ട് പോകണം. എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട സമയമാണിതെന്നും ചെന്നിത്തല പറഞ്ഞു. 

ഈരാറ്റുപേട്ടയിൽ സതീശനായി പ്രത്യേക ഫ്ലക്സ് ബോർഡുകൾ, സ്ഥാപിച്ചത് തരൂരിന്റെ പ്രചരണ ബോർഡിൽ നിന്നൊഴിവാക്കിയതോടെ

എന്നാൽ തരൂർ വിവാദത്തിൽ അഭിപ്രായ ഐക്യത്തിന് നേതാക്കൾ ആഹ്വാനം ചെയ്യുമ്പോഴും താഴെത്തട്ടിൽ മറിച്ചാണ് സ്ഥിതി. വിഡി സതീശനെ ഒഴിവാക്കി ശശി തരൂർ പങ്കെടുക്കുന്ന പരിപാടിക്കായി കോട്ടയത്ത് യൂത്ത് കോൺഗ്രസ് ഫ്ലക്സ് അടിച്ചപ്പോൾ സതീശന് അഭിവാദ്യമർപ്പിച്ച് മറുപക്ഷം ബോർഡ് വെച്ചു. 

വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയായിരുന്നു ഈരാറ്റുപേട്ടയിലെ മഹാ സമ്മേളനത്തിനായി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ആദ്യ പ്രചരണ ബോർഡ് തയ്യാറാക്കിയത്. ഇതിനുള്ള മറുപടിയായാണ് സതീശന് അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് ബോർഡ് ഈരാറ്റുപേട്ടയിൽ പ്രത്യക്ഷപ്പെട്ടത്. വിചാർ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് സതീശൻ അനുകൂല ഫ്ലക്സ് ബോർഡ്. ഡിസിസികളുടെ അനുമതിയോടെ മാത്രമേ നേതാക്കൾ ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കാവു എന്ന അച്ചടക്ക സമിതി നിർദ്ദേശം വന്നതിന് പിന്നാലെ ഈരാറ്റുപേട്ടയിൽ തരൂർ പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന വിമർശനം ആവർത്തിച്ചു കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് വീണ്ടും രംഗത്ത് വന്നു. 

Follow Us:
Download App:
  • android
  • ios