'കൊലപാതകത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കമ്യുണിസ്റ്റുകാർക്ക് അവകാശമില്ല'. കൊലക്കത്തി ആദ്യം താഴെ വെയ്ക്കേണ്ടത് സിപിഎമ്മാണെന്നും സുധാകരൻ

കോഴിക്കോട് : ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകം അന്വേഷിക്കാൻ കോൺഗ്രസ് പാർട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തിൽ അന്വേഷണ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. ആരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്നും സുധാകരൻ ആവർത്തിച്ചു.

'കൊലപാതകത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കമ്യുണിസ്റ്റുകാർക്ക് അവകാശമില്ല. കൊലക്കത്തി ആദ്യം താഴെ വെയ്ക്കേണ്ടത് സിപിഎമ്മാണ്. കമ്യൂണിസ്റ്റുകാർ മുഴുവൻ കോളേജുകളിലെയും ഹോസ്റ്റലുകൾ ഗുണ്ടാ ഓഫീസുകൾ ആക്കിമാറ്റി. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണെന്നും സുധാകരൻ വിമർശിച്ചു. തീപ്പന്തം കാണിച്ച് തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും സുധാകരൻ പറഞ്ഞു. 

'കൊലപാതക രാഷ്ട്രീയം കെഎസ്‍യു ശൈലിയല്ല, പൊലീസ് അലംഭാവം വ്യക്തം', ധീരജിന്‍റെ കൊലപാതകത്തെ അപലപിച്ച് ചെന്നിത്തല

അതേ സമയം, ഇടുക്കി കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കണ്ണൂരിൽ പൊലീസ് ജാഗ്രത കർശനമാക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് കണ്ണൂരിലെത്തുന്നുണ്ട്. 11.30 ന് ഡിസിസി ഓഫീസില്‍ കണ്‍വെന്‍ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സംഘർഷ സാധ്യത കണക്കിലെടുത്ത് സുധാകരന്റെ വാഹനത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കണ്ണൂർ ഡിസിസി ഓഫീസിന് സമീപം ഒരു ബസ് പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി. 

ധീരജിന്‍റെ സംസ്കാരം ഇന്ന് കണ്ണൂരിൽ നടക്കും. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയ‌ിൽ സൂക്ഷിച്ചിട്ടുള്ള ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷമാകും സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുക. സിപിഎം ഇടുക്കി ജില്ല കമ്മറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. ധീരജിന്‍റെ മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂരെത്തിക്കും. തളിപ്പറമ്പിലെ വീടിനോട് ചേർന്ന് പാർട്ടി വാങ്ങിയ സ്ഥലത്ത് രാത്രിയോടെ സംസ്കാരം നടക്കും.