'ജനപ്രതിനിധിയെന്ന പരിഗണന നൽകിയില്ല, പ്രതാപനെ മർദ്ദിച്ചു'; നാളെ പ്രതിഷേധമെന്ന് കെ. സുധാകരന്‍
ജനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ചത്. ജനങ്ങളെ കൊള്ളയടിച്ച കമ്പനിക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പൊലീസ് കോണ്‍ഗ്രസ് എംപി അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കൊടിയ മര്‍ദ്ദനം അഴിച്ചുവിട്ടതെന്നും സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം: പാലിയേക്കര ടോള്‍ പിരിവിലെ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ പൊലീസ് നടപടിയിൽ പാർട്ടി പ്രതിഷേധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ശനിയാഴ്ച സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തും.
ടോള്‍ പിരിവിന്റെ പേരില്‍ ജിഐപിഎല്‍ കമ്പനി നടത്തുന്നത് കൊള്ളയാണ്. ഇഡി റെയ്ഡില്‍ ഇവര്‍ നടത്തിയ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പെയാണ് കമ്പനി ടോള്‍ പിരിവ് നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ചത്. ജനങ്ങളെ കൊള്ളയടിച്ച കമ്പനിക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പൊലീസ് കോണ്‍ഗ്രസ് എംപി അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കൊടിയ മര്‍ദ്ദനം അഴിച്ചുവിട്ടതെന്നും സുധാകരൻ പറഞ്ഞു.
പൊലീസ് നരനായാട്ടില്‍ തൃശൂര്‍ എംപി ടി.എന്‍. പ്രതാപന്‍, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, അനില്‍അക്കര എന്നിവര്‍ക്ക് പരിക്കേറ്റു. ജനപ്രതിനിധി എന്ന പരിഗണന നല്‍കാതെയാണ് ടിഎന്‍ പ്രതാപനോട് പിണറായി വിജയന്റെ പൊലീസ് പെരുമാറിയതെന്നും സുധാകരൻ ആരോപിച്ചു.