ആലപ്പുഴയിലെ തീരദേശത്താണ് തീപിടിച്ച വാൻ ഹായ് കപ്പലിലെ കണ്ടെയ്നറും ലൈഫ് ബോട്ടും അടിഞ്ഞത്

എറണാകുളം: കൊച്ചിയുടെ പുറംകടലിൽ തീപിടിച്ച കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളും അവശിഷ്ടങ്ങളും തീരത്തേക്ക് എത്തിത്തുടങ്ങി. ആലപ്പുഴയിലെ തീരദേശത്താണ് തീപിടിച്ച വാൻ ഹായ് കപ്പലിലെ കണ്ടെയ്നറും ലൈഫ് ബോട്ടും അടിഞ്ഞത്.

ആലപ്പുഴയിൽ പറവൂർ അറപ്പപ്പൊഴി തീരത്ത് ഇന്നലെ രാത്രി വൈകിയാണ് ലൈഫ് ബോട്ട് അടിഞ്ഞത്. കൊച്ചിയുടെ പുറംകടലിൽ തീപിടിച്ച വാൻ ഹായ് കപ്പലിലിലെ ലൈഫ് ബോട്ടാണ് തീരത്തടിഞ്ഞത്. ലൈഫ് ബോട്ടിൽ വാൻ ഹായ് 50 സിംഗപ്പൂര്‍ എന്ന എഴുത്ത് ഉള്‍പ്പെടെയുണ്ട്. ആലപ്പുഴ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്താണ് ഒരു കണ്ടയ്നർ അടിഞ്ഞത്. വാൻ ഹായ് കപ്പലിലെ കണ്ടെയ്നർ ആണെന്നാണ് നിഗമനം.

കൊച്ചി,ആലപ്പുഴ,കൊല്ലം തുടങ്ങിയ തീരങ്ങളിൽ കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളടക്കം അടിയുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രി കൊല്ലം ആലപ്പാട് തീരത്ത് ഭാഗികമായി കത്തിയ നിലയിൽ ഒരു ബാരൽ അടിഞ്ഞിരുന്നു. എന്നാൽ, കപ്പലിന് തീപിടിത്തമുണ്ടായ സംഭവത്തിൽ കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ തീരുമാനം വൈകുകയാണ്. 

ഇതിനിടെ കത്തിയ വാന്‍ ഹായി കപ്പലിനെ സുരക്ഷിത അകലത്തിലേക്ക് വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും അറിയിച്ചു. നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കപ്പലില്‍ തീ പിടിച്ച സമയത്ത് കാണാതായ നാല് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

YouTube video player