കേസിൽ കെ എം ഷാജഹാന് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കൊച്ചി : ജഡ്ജി കോഴ ആരോപണവുമായി ബന്ധപെട്ടു ഹൈക്കോടതി ജഡ്ജിയെ യുടൂബ് ചാനൽ വഴി അധിക്ഷേപിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസെടുത്തു. അഡ്വ. സൈബി ജോസിനെതിരായ കൈക്കൂലി ആരോപണ കേസുമായി ബന്ധപ്പെട്ടായിരുന്നു 'പ്രതിപക്ഷം' എന്ന യുട്യൂബ് ചാനലിലൂടെ ഹൈക്കോടതി ജഡ്ജിയെ ഷാജഹാൻ അധിക്ഷേപിച്ചത്. കേസിൽ കെ എം ഷാജഹാന് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
അതേ സമയം, ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന പരാതിയിൽ സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സൈബിയ്ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കോടതിയിൽ വ്യക്തമാക്കി. എന്നാൽ പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തനിക്കെതിരെ കണ്ടെത്തലുകളൊന്നുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സൈബി ജോസ് കോടതിയിൽ പറഞ്ഞു. പരാതിയ്ക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെ എന്ന് വ്യക്തമാക്കിയ കോടതി കേസിൽ എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ സൈബി ജോസിന് നിർദ്ദേശം നൽകി.
