തിരുവനന്തപുരം: കൊവിഡ്-19 വൈറസ് ബാധയുടെ പശ്ചാലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ നിയമസഭാ സമുച്ചയത്തിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. വൈറസ് വ്യാപനം തടയുന്നതിനായി സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബയോമെട്രിക് പഞ്ചിങ് പൂര്‍ണമായും നിർത്തിവച്ചിരുന്നു. 

Read More: കൊവിഡ് 19: സ്വകാര്യ മേഖലയിലും ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

മാർച്ച് 31 വരെയാണ് പഞ്ചിംഗ് നിർത്തിവച്ചിരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇത്തരത്തിൽ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. 

കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. സ്റ്റേറ്റ് സിലബസ് കൂടാതെ സിബിഎസ്,ഐസിഎസ്ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഇതു ബാധകമായിരിക്കും. അതേസമയം എട്ട്, ഒന്‍പത്, ക്ലാസുകളിലെ പരീക്ഷയും എസ്എസ്എല്‍സി പരീക്ഷകളും പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളും മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഈ പരീക്ഷകള്‍ അതീവ ജാഗ്രതയോടെ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Read More: കൊവിഡ് 19: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷകള്‍ മാറ്റി

ഇതോടൊപ്പം സംസ്ഥാന എല്ലാ ആര്‍ട്‍സ് ആന്‍ഡ് പ്രൊഫഷണല്‍ കോളേജുകള്‍ക്കും മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസകള്‍ക്കും ട്യൂഷന്‍ സെന്‍ററുകള്‍ക്കും അവധി ബാധകമാണ്. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. വിവാഹം, മരണം മറ്റു ചടങ്ങുകള്‍ എന്നിങ്ങനെ ഒഴിവാക്കാന്‍ പറ്റാത്ത ചടങ്ങുകളില്‍ പരമാവധി ആളുകളെ കുറ‍യ്ക്കണമെന്നും സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ അടച്ചിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.